ന്യൂഡൽഹി: ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ മിസൈൽ പരീക്ഷണത്തിനൊരുങ്ങി പാകിസ്താൻ. കറാച്ചി തീരത്തുവെച്ച് മിസൈൽ പരീക്ഷണം നടത്തുമെന്നാണ് പാകിസ്താന്റെ അറിയിപ്പ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് പാകിസ്താൻ മുന്നറിയിപ്പ് നൽകിയത്.
ഏപ്രിൽ 24നോ 25നോ മിസൈൽ പരീക്ഷണം നടത്തുമെന്നാണ് അറിയിപ്പ്. ഇന്ത്യയുമായുള്ള ഷിംല കരാർ റദ്ദാക്കാനും പാകിസ്താന് പദ്ധതി. പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിനൊടുവിൽ ഇന്ത്യക്ക് നൽകേണ്ട തിരിച്ചടി സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് സൂചന.
ഏകപക്ഷീയമായി സിന്ധുനദിജല കരാറിൽ നിന്നും ഇന്ത്യക്ക് പിന്മാറാനാവില്ലെന്ന് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. പാകിസ്താനോ ഇന്ത്യയോ മാത്രമല്ല കരാറിന്റെ ഭാഗമായിട്ടുള്ളത്. ലോകബാങ്ക് ഉൾപ്പടെയുള്ളവർ കരാറിന്റെ ഭാഗമാണെന്നും ഖ്വാജ ആസിഫ് പറഞ്ഞു.
ഇന്ത്യ സിന്ധുനദിജല കരാറിൽ നിന്നും പിന്മാറിയാൽ അതിന് തിരിച്ചടി നൽകാൻ പാകിസ്താൻ പ്രാപ്തരാണ്. ആവശ്യമെങ്കിൽ പൂർണമായ രീതിയിൽ തന്നെ തിരിച്ചടി നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഗൗരവത്തോടെയുള്ള പ്രതികരണമല്ല ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് പാകിസ്താൻ വിദേശകാര്യ സഹമന്ത്രി ഇഷ്‍ക് ദറും പറഞ്ഞു. ഇതിന് പാകിസ്താൻ ഇന്ത്യക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര പ്രശ്നങ്ങൾക്ക് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനെതിരെ കർശന നടപടിയുമായി ഇന്ത്യ രംഗത്തെത്തിയിരുന്നു. പാകിസ്താനുമായി പതിറ്റാണ്ടുകളായി തുടരുന്ന സിന്ധു നദീജല കരാർ അനിശ്ചിത കാലത്തേക്ക് റദ്ദാക്കുന്നതടക്കമുള്ളവ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനമായത്.
പാകിസ്താൻ പൗരന്മാരുടെ സാർക്ക് വിസ റദ്ദാക്കുകയും 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് ഉടനടി അടച്ചുപൂട്ടും. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനിലെ പ്രതിരോധ, സൈനിക, നാവിക, വ്യോമ ഉപദേഷ്ടാക്കൾക്ക് ഇന്ത്യ വിടാൻ ഒരാഴ്ച സമയമനുവദിച്ചു. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമീഷനിൽനിന്ന് ഇന്ത്യ ഉപദേഷ്ടാക്കളെ പിൻവലിക്കും.