പാലക്കാട് : സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ കലക്ടറേറ്റുകളിൽ ബോംബ് ഭീഷണി. പാലക്കാട്, കോട്ടയം, കൊല്ലം കലക്ടറേറ്റുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രണ്ട് മണിക്ക് ബോംബ് പൊട്ടുമെന്നാണ് പാലക്കാട് കളക്ട്രേറ്റിലേക്ക് ഭീഷണി സന്ദേശം എത്തിയത്.
എക്സ്പ്ലോസീവ് ഡിവൈസുകൾ കലക്ടറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വച്ചിട്ടുണ്ടെന്നും രണ്ട് മണിക്ക് പൊട്ടിത്തെറിക്കുമെന്നായിരുന്നു സന്ദേശം. മെത്താംഫെറ്റാമൈൻ കേസിൽ ഉൾപ്പെട്ട രണ്ട് പേർക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിക്കണമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നുണ്ട്. ബോംബ് സ്ക്വാഡും പൊലീസും കലക്ടറേറ്റിലെത്തി മുഴുവൻ ജീവനക്കാരെയും കലക്ടറേറിൽ നിന്ന് പുറത്തിറക്കി പരിശോധന നടത്തി. തമിഴ്നാട് റിട്രീവൽ ട്രൂപ്പിന്റെ പേരിലാണ് പാലക്കാട് കലക്ടർക്ക് സന്ദേശം ലഭിച്ചത്.
കൊല്ലം കളക്ടറേറ്റിലും കോട്ടയം കലക്ടറേറ്റിലും സമാനമായ ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. കലക്ടറുടെ മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി. കഴിഞ്ഞയാഴ്ച പാലക്കാട്, തൃശൂർ ആർഡി ഓഫീസുകൾക്കും ബോംബ് ഭീഷണി ലഭിച്ചിരുന്നു.