കൊല്ലം: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി വിധിച്ചു. കരുനാഗപ്പള്ളി അയണി സൗത്ത് തുഷാര ഭവനത്തിൽ തുഷാര (28) ആണ് കൊല്ലപ്പെട്ടത്. കൊല്ലം അഡീഷനൽ ജില്ല ജഡ്ജ് എസ്. സുഭാഷാണ് വിധി പ്രസ്താവിച്ചത്. പൂയപ്പള്ളി ചരുവിളവീട്ടിൽ ചന്തുലാൽ ഒന്നാം പ്രതിയും ഇയാളുടെ മാതാവ് ഗീത രണ്ടാം പ്രതിയും ആയിരുന്നു. ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. ചന്തുലാലും യുവതിയും തമ്മിലുള്ള വിവാഹം 2013ലായിരുന്നു. വിവാഹസമയത്ത് നൽകാമെന്ന് സമ്മതിച്ചിരുന്ന സ്ത്രീധനത്തുകയിൽ കുറവ് വന്ന രണ്ടുലക്ഷം രൂപ മൂന്ന് വർഷത്തിനുള്ളിൽ നൽകണമെന്ന് കാണിച്ച് പ്രതികൾ തുഷാരയെ ഒപ്പിടുവിച്ച് രേഖാമൂലം കരാർ ഉണ്ടാക്കി.
മൂന്നുമാസം കഴിഞ്ഞതുമുതൽ ഈ തുക ആവശ്യപ്പെട്ട് തുഷാരയെയും കുടുംബത്തെയും ശാരീരികമായും മാനസികമായും പ്രതികൾ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാനോ കാണാനോ സമ്മതിച്ചിരുന്നില്ല. പൂയപ്പള്ളി പൊലീസിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് വളരെ അപൂർവവും ക്രൂരവുമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മൃതശരീരത്തിന്റെ ഭാരം വെറും 21 കിലോഗ്രാം മാത്രമായിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിന്റെ അംശം ഇല്ലായിരുന്നു. തൊലി എല്ലിനോട് ചേർന്ന് മാംസമില്ലാത്ത നിലയിലായിരുന്നു.
കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച ടീച്ചറിനോട് അവർ കിടപ്പുരോഗിയാണെന്നാണ് പ്രതികൾ ധരിപ്പിച്ചത്. മാത്രമല്ല അമ്മയുടെ പേര് തുഷാര എന്നതിന് പകരം രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണ് പ്രതികൾ അധ്യാപികയെ വിശ്വസിപ്പിച്ചത്. പ്രതികൾ ഐ.പി.സി 302, 304 B, 344, 34 വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. കെ.ബി. മഹേന്ദ്ര ഹാജരായി. ഡിവൈ.എസ്.പിമാരായ ദിനരാജ്, നാസറുദ്ദീൻ എന്നിവർ അന്വേഷണം നടത്തി. സി.പി.ഒമാരായ അജിത്, വിദ്യ എന്നിവർ പ്രോസിക്യൂഷൻ സഹായികളായി.