കോഴിക്കോട് : പി.വി. അൻവറിനെ മുന്നണിയുമായി സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഇന്ന് കോഴിക്കോട് ചേർന്ന യുഡിഎഫ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എങ്ങനെ സഹകരിപ്പിക്കണമെന്ന് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ യോഗം ചുമതലപ്പെടുത്തി.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടുക്കവെയാണ് അൻവറിനെ സഹകരിപ്പിക്കുന്നത് സംബന്ധിച്ച നിർണായക തീരുമാനം യുഡിഎഫ് കൈക്കൊള്ളുന്നത്. ഉപതിരഞ്ഞെടുപ്പിനു മുൻപ് മുന്നണി പ്രവേശനം വേണമെന്ന് അൻവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിനു പലപ്പോഴും തലവേദന സൃഷ്ടിക്കുന്ന തൃണമൂൽ കോൺഗ്രസുമായി കൈകോർക്കാൻ കോൺഗ്രസ് നേതാക്കൾക്കിടയിലെ താൽപര്യ കുറവാണ് തീരുമാനം വൈകാൻ കാരണം.