പത്തനംതിട്ടയില്‍ നീറ്റ് പരീക്ഷക്കെത്തിയ വിദ്യാർഥിയിൽ നിന്ന് വ്യാജ ഹാൾടിക്കറ്റ് പിടികൂടിയ സംഭവത്തിൽ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കര സ്വദേശി ഗ്രീഷ്മയെയാണ് പത്തനംതിട്ട പൊലീസ് കസ്റ്റിഡിയിലെടുത്തത്. ഇവർ കുറ്റം സമ്മതിച്ചു.
വിദ്യാര്‍ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പിച്ചിരുന്നുവെന്നും എന്നാല്‍ അപേക്ഷിക്കാന്‍ മറന്നുപോയെന്നും പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നുവെന്നും ഗ്രീഷ്മ മൊഴി നൽകി. തൈക്കാവ് വി എച്ച് എസ് എസ് പരീക്ഷാ സെന്ററില്‍ ആണ് തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥി വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയത്.
തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് ചമച്ചത്. വിദ്യാര്‍ഥിയെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടർന്ന്, വ്യാജ ഹാള്‍ടിക്കറ്റ് നല്‍കിയത് നെയ്യാറ്റിന്‍കര അക്ഷയ സെന്റര്‍ ജീവനക്കാരിയാണെന്ന് വിദ്യാര്‍ഥി മൊഴി നല്‍കുകയായിരുന്നു.