സിവിൽ കേസുകളിൽ ഇനി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട: സമയം പദ്ധതിക്ക് തുടക്കം

news image
May 5, 2025, 2:26 pm GMT+0000 payyolionline.in

തിരുവനന്തപുരം : സിവിൽ വ്യവഹാരങ്ങളിലും ​ഗുരുതരമല്ലാത്ത ക്രിമിനൽ തർക്കങ്ങളിലും അതിവേ​ഗം നീതി ലഭ്യമാക്കാനുള്ള സമയം പദ്ധതിക്ക് തുടക്കമായി. ലീ​ഗൽ സർവീസസ് അതോറിറ്റി നടപ്പാക്കുന്ന പദ്ധതി ഹൈക്കോടതി ജസ്റ്റിസ് ഡോ. കൗസർ ഇടപ്പ​ഗത്ത് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എസ് ഷംനാദ് അധ്യക്ഷനായി.

പൊലീസിന് കൈകാര്യം ചെയ്യാൻ സാധിക്കാത്തതും ഭാവിയിൽ ക്രിമിനൽ കേസാകാൻ സാധ്യതയുള്ളതുമായവ പ്രത്യേകം പരിശീലനം ലഭിച്ച അഭിഭാഷകരുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ പരിഹരിക്കുന്നതാണ് പദ്ധതി. “സമയം’ നിലവിൽ വരുന്നതോടെ പരമാവധി ഒരു മാസത്തിനകം പരിഹാരം കാണാനാകും. പരാതിക്കാർക്ക് പൊലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ട. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം. പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്ന പരാതികൾ എസ്എച്ച്‌ഒമാർക്ക് അതത് ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റിക്കോ താലൂക്ക് ലീ​ഗൽ സർവീസസ് കമ്മിറ്റിക്കോ കൈമാറാം. തുടർന്ന് ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി നിയോ​ഗിക്കുന്ന പരിശീലനം ലഭിച്ച അഭിഭാഷകരടങ്ങുന്ന പ്രത്യേക പാനൽ ഇരുകക്ഷികളുമായും ചർച്ച നടത്തും.

പ്രശ്നം പരിഹരിച്ച് ഒത്തുതീർപ്പിലെത്താൻ ശാസ്ത്രീയ പരിശീലനം ലഭിച്ച കൗൺസിലർമാരുടെയും പാരാലീ​ഗൽ വളന്റിയർമാരുടെയും സഹായവുമുണ്ടാകും. തുടർന്ന് ഇരുകക്ഷികൾക്കും സ്വീകാര്യമായ ഒരു കരാറിൽ ഏർപ്പെടും. ഈ കരാർ ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റി നിശ്ചയിക്കുന്ന ജഡ്ജിയുടെ സാന്നിധ്യത്തിൽ വിധിയായി പുറപ്പെടുവിക്കും. ഇത് കോടതി വിധിക്ക് തുല്യമായിരിക്കും. ഈ വിധി നടപ്പാക്കിയില്ലെങ്കിൽ പരാതിക്കാരന് കോടതിയിൽ നേരിട്ട് സമീപിക്കാം. കേരള ഹൈക്കോടതി അധ്യക്ഷനും കേരള ലീ​ഗൽ സർവീസസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാൻ നാമനിർദേശം ചെയ്യുന്ന രണ്ട് അം​ഗങ്ങളും ഉൾപ്പെടുന്നതാണ് സമയം സംസ്ഥാനതല പ്രവർത്തക സമിതി. ഒരു മുതിർന്ന അഭിഭാഷകനായിരിക്കും പദ്ധതിയുടെ സംസ്ഥാന കോഓർഡിനേറ്റർ.

സംസ്ഥാന, ജില്ലാതലത്തിലും പൊലീസിൽ നിന്നുള്ള ഉദ്യോ​ഗസ്ഥർ നോഡൽ ഓഫീസറാകും. ജില്ലാതലത്തിൽ ജില്ലാ ലീ​ഗൽ സർവീസ് അതോറിറ്റിയും താലൂക്ക് തലത്തിൽ താലൂക്ക്തല ലീ​ഗൽ സർവീസസ് കമ്മിറ്റിയുമാണ് ഇതിന്റെ നടത്തിപ്പ്. ജില്ലാ ലീ​ഗൽ സർവീസസ് അതോറിറ്റിയിലും താലൂക്ക്തല ലീ​ഗൽ സർവീസസ് കമ്മിറ്റിയിലും നേരിട്ട് പരാതി നൽകാനുമാകും. സേവനം പൂർണമായും സൗജന്യമാണ്‌. പദ്ധതിക്കായി ഓരോ ജില്ലയിലും 25 പേരടങ്ങുന്ന അഭിഭാഷകരുടെ പാനലുകളും തയ്യാറാക്കും. ടോൾ ഫ്രീ നമ്പർ: 15100.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe