ന്യൂഡൽഹി: ടോയ്ലെറ്റുകൾ നിറഞ്ഞതിനെ തുടർന്ന് കാനഡയിലെ ടൊറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. ടോയ്ലെറ്റുകളിൽ ഭൂരിപക്ഷവും നിറഞ്ഞതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്. നേരത്തെ ടോയ്ലെറ്റുകൾ നിറഞ്ഞതിനെ തുടർന്ന് എയർ ഇന്ത്യയുടെ ചിക്കാഗോ വിമാനവും വഴിതിരിച്ചുവിട്ടിരുന്നു.
എയർ ഇന്ത്യയുടെ എ.ഐ 188 വിമാനമാണ് വഴിതിരിച്ചുവിട്ടത്. മെയ് രണ്ടിനാണ് സംഭവം. ടോറന്റോയിൽ നിന്ന് ഡൽഹിയിലേക്കുള്ള നോൺ സ്റ്റോപ്പ് വിമാനം ഫ്രാങ്ക്ഫർട്ടിൽ ഇറക്കുകയായിരുന്നു. എന്നാൽ, സാങ്കേതിക തകരാർ മൂലമാണ് വിമാനം ഫ്രാങ്ക്ഫർട്ടിൽ ഇറക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. യാത്രക്കാരുടെ സുരക്ഷക്കാണ് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നതെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
നേരത്തെ അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം 10 മണിക്കൂറോളം പറന്നതിനു ശേഷം തിരിച്ച് പറന്നിരുന്നു. ടോയ്ലെറ്റുകളിൽ ഭൂരിപക്ഷവും ഉപയോഗ ശൂന്യമായതിനെ തുടർന്നാണ് വിമാനം ചിക്കാഗോയിലേക്ക് തന്നെ തിരികെ പറന്നതെന്നാണ് റിപ്പോർട്ട്.
ബോയിങ് 777-337 ഇആർ വിഭാഗത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനമാണ് 10 മണിക്കൂറിലേറെ പറന്നശേഷം പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചിറങ്ങിയത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിവയിലായി 340 സീറ്റുകളുള്ള ഈ വിമാനത്തിൽ 10 ടോയ്ലെറ്റുകളാണ് ഉള്ളത്. ഇവയിൽ രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് വേണ്ടിയുള്ളതാണ്. എന്നാൽ ഇതിൽ ഒരു ടോയ്ലെറ്റ് മാത്രമേ ഉപയോഗയോഗ്യമായിട്ടുണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.