കാശും ആധുനിക സംവിധാനങ്ങളുമില്ല, ആകെയുള്ളത് കുറേ പഴയ ആയുധങ്ങൾ; പാകിസ്ഥാന് പിടിച്ച് നിൽക്കാനാവില്ല, റിപ്പോർട്ട്

news image
May 6, 2025, 12:20 pm GMT+0000 payyolionline.in

ലാഹോർ: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ ഇന്ത്യ ഏത് നിമിഷവും തിരിച്ചടിക്കാമെന്ന ഭീതിയിലാണ് പാകിസ്ഥാൻ. ഇന്ത്യ തിരിച്ചടിച്ചാൽ പ്രതിരോധിക്കാൻ പാകിസ്ഥാൻ സൈന്യത്തിന് മുന്നിലുള്ള ആഭ്യന്തര വെല്ലുവിളികൾ ഏറെയാണ്. ഒരു ഏറ്റുമുട്ടലുണ്ടായാൽ  വെറും നാലു ദിവസത്തേക്കുള്ള യുദ്ധശേഷി മാത്രമേ പാകിസ്ഥാന് ഉള്ളൂവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെട്ടിക്കുറച്ച ബജറ്റും, കാലഹരണപ്പെട്ട ആയുധങ്ങളും, വെടിക്കോപ്പുകളുടെ കടുത്ത ക്ഷാമവും പാക് സൈന്യം നേരിടുന്നുവെന്ന്  വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനും ഇസ്രയേലുമായി അടുത്തിടെ നടത്തിയ ആയുധ ഇടപാടുകൾ മൂലം പാകിസ്ഥാൻ കടുത്ത ആയുധ ക്ഷാമം നേരിടുകയാണ്.

രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുക്കാതെ, അന്താരാഷ്ട്ര തലത്തില്‍ ആയുധങ്ങള്‍ വിറ്റഴിച്ചത് പാകിസ്ഥാന് തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ. ഇനിയൊരു യുദ്ധമുണ്ടായാൽ പാക് സൈന്യത്തിന് പിടിച്ച് നിൽക്കാനാവില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. തീവ്രവാദ സംഘടനകളെ ആശ്രയിച്ചുള്ള പോരാട്ടത്തിൽ സൈനികർക്കുള്ള അതൃപ്തിയും നിരാശയും പാകിസ്ഥാന് വലിയ തിരിച്ചടിയാകും.  ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം), ലഷ്‌കർ-ഇ-തൊയ്ബ (എൽ.ഇ.ടി) തുടങ്ങിയ പ്രോക്‌സി ഗ്രൂപ്പുകളെ പാകിസ്ഥാൻ ആശ്രയിക്കുന്നതിനെ മിഡ്-റാങ്കിംഗ് ഓഫീസർമാർ ചോദ്യം ചെയ്തതായാണ് വിവരം. പാക് സൈന്യം കടുത്ത സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.  സാമ്പത്തിക നയങ്ങളിലുള്ള പാളിച്ചകൊണ്ട് പ്രതിരോധ ചെലവ് കുറയ്ക്കാനുള്ള നടപടികൾ പാക് ഗവൺമെന്‍റ് സ്വീകരിച്ചിരുന്നു.

2023-2024 സൈനിക ബജറ്റിൽ 15 ശതമാനം കുറവാണ് പാകിസ്ഥാൻ കൊണ്ടുവന്നത്. സൈന്യത്തിൽ സർക്കാർ ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ജൂനിയർ ഓഫീസർമാർക്കുള്ള ശമ്പളത്തിൽ 3 മുതൽ 6 മാസം വരെ കാലതാമസം ഉണ്ടെന്നാണ് റിപ്പോർട്ട് . ചില യൂണിറ്റുകൾ അടിസ്ഥാന സാധനങ്ങൾക്കായി ക്രൗഡ് ഫണ്ടിംഗ് നടത്തുന്നുണ്ട്. സൈനികർ കാലഹരണപ്പെട്ട ടൈപ്പ് 56 റൈഫിളുകളെയാണ് ആശ്രയിക്കുന്നത്, നൈറ്റ്-വിഷൻ ഉപകരണങ്ങളും ആയുധങ്ങളും ആവശ്യത്തിന് ഇല്ല എന്നതും പാക് സൈന്യത്തിന് തിരിച്ചടിയാണ്. അതേസമയം ഇന്ത്യൻ സേനയ്ക്ക് ആധുനിക സിഗ് സോവർ റൈഫിളുകളും നൈറ്റ് വിഷൻ ഹെറോൺ ഡ്രോണുകളും ഉണ്ട്.

റാവൽപിണ്ടി കോർപ്സിൽ നിന്നും 2024  ചോർന്ന ഒരു മെമ്മോയിൽ സിയാച്ചിനിലെ സൈനികർക്ക്  ശൈത്യകാലത്ത് ഉപയോഗിക്കാനുള്ള ആയുധങ്ങളടക്കമുള്ളവയിൽ കടുത്ത ക്ഷാമം നേരിടുന്നതായി പുറത്ത് വന്നിരുന്നു. എൽ‌ഒ‌സിയിലെ ആർട്ടിലറി യൂണിറ്റുകൾക്ക് ഷെൽ ക്ഷാമം നേരിടുന്നുണ്ട്. അവശ്യമായതിന്‍റെ 30 ശതമാനം മാത്രമേ സ്റ്റോക്കിലുള്ളൂ. ബങ്കറുകൾ, നിരീക്ഷണ പോസ്റ്റുകൾ തുടങ്ങിയവയുടെ അടിസ്ഥാന സൗകര്യങ്ങൾക്കുള്ള ഫണ്ടുകൾ പോലും ലഭിക്കുന്നില്ലെന്നും പ്രതിരോധ മേഖല കടുത്ത പ്രതിസന്ധിയിലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. സൈനിക-ഗ്രേഡ് ഡ്രോണുകളുടെ അഭാവം മൂലം നിരീക്ഷണത്തിനായി സിവിലിയൻ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതായും റിപ്പോർട്ടുണ്ട്. 2023 ൽ പാക് സൈനികർക്കിടയിൽ നടത്തിയ സായുധ സേനാ ആരോഗ്യ സർവേയിൽ 25 ശതമാനം സൈനികർ പി‌ടി‌എസ്‌ഡി ലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും, 2020 മുതൽ ആത്മഹത്യാ നിരക്ക് 40 ശതമാനം വർദ്ധിച്ചതായും കണ്ടെത്തിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe