ന്യൂഡൽഹി ∙ പഹൽഗാം ഭീകരാക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരൻ, ദ് റസിസ്റ്റൻസ് ഫ്രണ്ടിന്റെ (ടിആർഎഫ്) മേധാവി ഷെയ്ഖ് സജ്ജാദ് ഗുൽ ആണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു. കേരളത്തിൽ പഠിച്ചിട്ടുള്ള ഇയാളെ 2022 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. വിവരങ്ങൾ നൽകുന്നവർക്കു 10 ലക്ഷം രൂപ പ്രതിഫലവും പ്രഖ്യാപിച്ചിട്ടുണ്ട്.കശ്മീരിൽ ജനിച്ചുവളർന്ന അൻപതുകാരനായ ഗുൽ പാക്കിസ്ഥാനിലെ റാവൽപിണ്ടി കേന്ദ്രമാക്കിയാണു ഭീകരപ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. 2020നും 2024നും ഇടയിൽ സെൻട്രൽ, സൗത്ത് കശ്മീരിൽ നടന്ന പല ഭീകരാക്രമണങ്ങൾക്കു പിന്നിലും ഇയാളായിരുന്നു. ശ്രീനഗറിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ സജ്ജാദ് ഗുൽ ബെംഗളൂരുവിൽനിന്നാണ് എംബിഎ പൂർത്തിയാക്കിയത്.
പിന്നീടു കേരളത്തിൽ ലാബ് ടെക്നിഷ്യൻ കോഴ്സ് ചെയ്തു. കശ്മീരിലേക്കു മടങ്ങിയെത്തിയ ഇയാൾ ലാബ് തുറന്നു. പിന്നാലെ ഭീകരർക്ക് ആവശ്യമായ സഹായങ്ങൾ നൽകാനും തുടങ്ങി. ഭീകര സംഘടനയുടെ സഹായിയായി പ്രവർത്തിക്കുന്നതിനിടെ 2002ൽ ഡൽഹി നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽനിന്ന് 5 കിലോ ആർഡിഎക്സുമായി ഡൽഹി പൊലീസ് സ്പെഷൽ സെൽ ഇയാളെ പിടികൂടിയിരുന്നു. നഗരത്തിൽ സ്ഫോടനം നടത്താൻ ലക്ഷ്യമിട്ട് എത്തിയതായിരുന്നു ഇയാൾ.
2003 ഓഗസ്റ്റ് ഏഴിനു 10 വർഷം തടവിനു വിധിച്ചു. 2017ൽ ജയിൽ മോചിതനായശേഷം പാക്കിസ്ഥാനിലെത്തിയ ഇയാളെ ഐഎസ്ഐ ലക്ഷ്യമിടുകയും ലഷ്കറെയുടെ കീഴിൽ ടിആർഎഫിന്റെ ചുമതല ഏൽപിക്കുകയുമായിരുന്നു.