ന്യൂഡൽഹി: ഇന്ത്യയുടെ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ തകർത്ത പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിന് മുമ്പും ശേഷവുമുള്ള ഉപഗ്രഹ ചിത്രങ്ങളാണ് കൊളറാഡോ ആസ്ഥാനമായി പ്രവർത്തിക്കുന്ന മസാർ ടെക്നോളജീസ് പങ്കുവെച്ചത്.
ഭീകരസംഘടനയായ ജയ്ശെ മുഹമ്മദിന്റെ പാകിസ്താനിലെ ബഹാൽപൂരിലും ലശ്കറെ ത്വയ്യിബയുടെ പഞ്ചാബ് പ്രവിശ്യയിലെ മുരിദ്കെയിലെയും കേന്ദ്രങ്ങൾ തകർത്തതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഭീകരകേന്ദ്രങ്ങൾ പൂർണമായി തകർന്നടിഞ്ഞതായി ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
പാകിസ്താനിലെ തെക്കന്‍ പഞ്ചാബിലുള്ള ബഹാവൽപൂരിലാണ് മസൂദ് അസ്ഹറിന്റെ നേതൃത്വത്തിലുള്ള ഭീകര സംഘടനയായ ജയ്ശെ മുഹമ്മദിന്റെ ആസ്ഥാനം. 2001ലെ പാര്‍ലമെന്റ് ആക്രമണം, 2019ലെ പുല്‍വാമ ചാവേര്‍ ക്രമണം എന്നിവ ഉള്‍പ്പെടെ ഇന്ത്യയില്‍ നടന്ന നിരവധി വലിയ ഭീകരാക്രമണങ്ങളുടെ ഉത്തരവാദിത്തം ഈ സംഘം ഏറ്റെടുത്തിട്ടുണ്ട്.
ലാഹോറില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ വടക്ക്, ലശ്കറെ ത്വയ്യിബയുടേയും അതിന്റെ ഉപവിഭാഗമായ ജമാഅത്തുദ്ദഅ്വയുടെയും പ്രധാന പ്രവര്‍ത്തന കേന്ദ്രമാണ് മുരിദ്കെ. 200 ഏക്കറിലധികം വിസ്തൃതിയുള്ള മുരിദ്കെ ഭീകരകേന്ദ്രത്തില്‍ പരിശീലന മേഖലകള്‍, പ്രബോധന കേന്ദ്രങ്ങള്‍, ലോജിസ്റ്റിക്കല്‍ സപ്പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിവ ഉള്‍പ്പെടുന്നു. ലഷ്കറെ ത്വയ്യിബ നടത്തിയ 2008ലെ മുംബൈ ആക്രമണത്തിൽ ഉള്‍പ്പെട്ട ഭീകരർക്ക് ഇവിടെ പരിശീലനം ലഭിച്ചിരുന്നു.
26 പേർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം നൽകിയ കനത്ത തിരിച്ചടിയിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു. ‘ഓപറേഷൻ സിന്ദൂർ’ എന്ന് പേരിട്ട 25 മിനിറ്റ് നീണ്ട സംയുക്ത സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. ബുധനാഴ്ച പുലർച്ച 1.05ന് ആരംഭിച്ച മിസൈൽ, ഡ്രോൺ ആക്രമണം 1.30ന് അവസാനിച്ചു. പഹൽഗാമിൽ ഭീകരാക്രമണം നടന്ന് 14 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചടി.
ലശ്കറെ ത്വയ്യിബയുടെയും ജയ്ശെ മുഹമ്മദിന്റെയും ഹിസ്ബുൽ മുജാഹിദീന്റെയും പരിശീലന ക്യാമ്പുകളും ആസ്ഥാനങ്ങളും ഒളിസങ്കേതങ്ങളും ആക്രമണത്തിൽ തകർന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് ആറുമുതൽ 100 വരെ കിലോമീറ്റർ അകലെയുള്ള കേന്ദ്രങ്ങളാണിവ. ഇതിൽ നാലെണ്ണം പാകിസ്താനിലും അഞ്ചെണ്ണം പാക് അധീന കശ്മീരിലുമാണ്. 21 ഭീകര ക്യാമ്പുകളാണ് തകർത്ത് തരിപ്പണമാക്കിയത്.
പാകിസ്താന്റെ വ്യോമാതിർത്തി ലംഘിക്കാതെ റഫാൽ യുദ്ധ വിമാനങ്ങളും സ്കാൽപ്, ഹാമർ മിസൈലുകളും ഉപയോഗിച്ചായായിരുന്നു കൃത്യവും സൂക്ഷ്മവുമായ ആക്രമണം. ഇന്ത്യയുടെ തിരിച്ചടിയിൽ 26 പേർ മരിക്കുകയും 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.