ദില്ലി: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ (ജിസിഎ) ഔദ്യോഗിക ഇ-മെയിലിലേക്കാണ് ഭീഷണി ലഭിച്ചിരിക്കുന്നത്. ‘പാകിസ്ഥാൻ’ എന്ന പേരിലാണ് ഇ-മെയിൽ അയച്ചിരിക്കുന്നത്. ‘നിങ്ങളുടെ സ്റ്റേഡിയം ഞങ്ങൾ തകർക്കും’ എന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ഭീഷണിയെ തുടർന്ന് സുരക്ഷാ ഏജൻസികൾ ജാഗ്രത പാലിക്കുകയും വിഷയത്തിൽ ഗൗരവമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് തൊട്ടുപിന്നാലെയാണ് ഭീഷണി വന്നിരിക്കുന്നത്.
അടുത്ത ആഴ്ച നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രണ്ട് പ്രധാന ഐപിഎൽ മത്സരങ്ങൾ നടക്കാനിരിക്കെയാണ് ഭീഷണി വന്നിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഡിയത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് പൊലീസും സൈബർ ക്രൈം ടീമും ഉടനടി നടപടികൾ ആരംഭിക്കുകയും ഇ-മെയിലിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആരാണ്, എവിടെ നിന്നാണ് ഇത് അയച്ചതെന്ന് കണ്ടെത്താൻ ഊർജ്ജിതമായ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.