ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ് പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് അതിരൂക്ഷ ഷെല്ലിങ് നടന്നത്. ഗ്രാമീണ മേഖലകൾ ലക്ഷ്യമിട്ട് പരമാവധി ആൾനാശമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാൻ ആക്രമണം നടത്തുന്നത്. മേഖലയിൽ മലമുകളിലാണെന്ന ആനുകൂല്യമാണ് പാകിസ്ഥാനുള്ളത്. എന്നാൽ ഇന്ത്യൻ സൈന്യം പാകിസ്ഥാനെ ശക്തമായി തിരിച്ചടിക്കുന്നതായാണ് വിവരം.അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സ്ഥിതി വിലയിരുത്തി. സൈനിക മേധാവിമാരും സംയുക്ത സൈനിക മേധാവിയും ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലെത്തി.
ഇന്ത്യ പാക് സംഘർഷം മൂർച്ഛിക്കുമ്പോൾ രാജ്യം കനത്ത ജാഗ്രതയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ത്യയിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ട് ഇന്നലെ രാത്രി പാക്കിസ്ഥാൻ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഇന്നും വിവിധ സംസ്ഥാനങ്ങളിൽ ജാഗ്രത കടുപ്പിച്ചത്. ജമ്മു കാശ്മീർ കൂടാതെ ഡ്രോൺ ആക്രമണമുണ്ടായ പഞ്ചാബിലും രാജസ്ഥാനിലും അതിർത്തി ജില്ലകളിൽ നിയന്ത്രണമുണ്ട്. ദില്ലിയിലും ഹരിയാനയിലും ചണ്ഡീഗഡിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇന്നലെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണമുണ്ടായ ജയ്സാൽമീറിലും, പഞ്ചാബിലെ അമൃത്സർ, ഗുരുദാസ്പൂർ അടക്കമുള്ള അതിർത്തി ജില്ലകളിലും ഇന്ന് രാത്രിയും ബ്ലാക്ക് ഔട്ട് തുടരും.