മലയാറ്റൂർ: പരീക്ഷകൾക്കിടെ പിതാവും കുഞ്ഞനുജനും പുഴയിൽ മുങ്ങിമരിച്ച ആഘാതത്തിനിടയിലും ദുർഗ ഗംഗയ്ക്ക് എസ്എസ്എൽസി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. മലയാറ്റൂർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയാണ് ദുർഗ ഗംഗ. കഴിഞ്ഞ മാർച്ച് 23നു ഉച്ച കഴിഞ്ഞ് വീടിനടുത്തുള്ള പുഴയിൽ കുളിക്കാൻ പോയ മലയാറ്റൂർ നെടുവേലി ഗംഗയും (51) മകൻ ധാർമികും (അഞ്ച്) പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങി മരിക്കുകയായിരുന്നു. ഈ സമയം വീട്ടിൽ പിറ്റേ ദിവസത്തെ കെമിസ്ട്രി പരീക്ഷയ്ക്ക് പഠിക്കുകയായിരുന്നു ദുർഗ. സഹോദരൻ മരിച്ച വിവരം അറിഞ്ഞെങ്കിലും പിതാവിനെ ആശുപത്രിയിൽ കൊണ്ടു പോയിരിക്കുകയാണെന്നാണു ബന്ധുക്കൾ ദുർഗയെ ധരിപ്പിച്ചത്.
പിറ്റേ ദിവസത്തെ പരീക്ഷ മുടക്കരുതെന്ന നിർബന്ധത്തെ തുടർന്നു ബന്ധുവീട്ടിൽ ചെന്നിരുന്ന് പഠിച്ചു. പരീക്ഷ കഴിഞ്ഞപ്പോഴാണു പിതാവിന്റെ മരണ വിവരം ഹെഡ്മിസ്ട്രസ് ദുർഗയെ അറിയിച്ചത്. ഏറെ നേരം ക്ലാസ് മുറിയിലിരുന്നു ദുർഗ നിർത്താതെ കരഞ്ഞു. തിരികെ വീട്ടിൽ അധ്യാപകർ കാറിൽ കൊണ്ടു ചെന്നാക്കുമ്പോൾ അവിടെ പിതാവിന്റെയും അനുജന്റെയും മൃതദേഹം കിടത്തിയിരുന്നു. ഒരു ദിവസത്തിനു ശേഷമുള്ള ബയോളജി പരീക്ഷയും ദുർഗ എഴുതി. മകൾ എസ്എസ്എൽസിക്ക് ഉന്നത വിജയം നേടുന്നതു കാണണമെന്ന് പിതാവിന്റെ വലിയ ആഗ്രഹമായിരുന്നു. പരീക്ഷാ ഫലം ദുർഗയ്ക്കു പിതാവിനുള്ള പ്രണാമമായി.