കോഴിക്കോട്: സംസ്ഥാനത്തെ വാഹന പുക പരിശോധന കേന്ദ്രങ്ങളുടെ പ്രവർത്തനം വീണ്ടും ക്രമീകരിച്ച് മോട്ടോർ വാഹനവകുപ്പ്. പുക പരിശോധന സ്ഥാപന സംഘടനകളുടെ എതിർപ്പിനെത്തുടർന്നാണ് ഇത്. പരിശോധന കേന്ദ്രങ്ങളിൽ വാഹന പാർക്കിങ് ഏരിയയിൽ കുറവുവരുത്തിയതാണ് പ്രധാന പരിഷ്കരണം.
സർക്കാർ നിർദേശപ്രകാരം നിരവധി പുക പരിശോധന കേന്ദ്രങ്ങൾ പൂട്ടേണ്ടി വരുമെന്ന ആശങ്കയുയരുകയും സംഘടനകൾ രംഗത്തുവരുകയും ചെയ്തിരുന്നു. അതേസമയം, പരിശോധന കേന്ദ്രങ്ങളിൽ രണ്ട് ലൈറ്റ് മോട്ടോർ വെഹിക്കിൾ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം വേണമെന്ന നിർദേശത്തിൽ മാറ്റമില്ല.
പുക പരിശോധന ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് വെളിച്ചവും വായുവും ലഭിക്കുന്ന 2.5 മീറ്റർ നീളവും 2.4 മീറ്റർ വീതിയുമുള്ള മുറി വേണമെന്നതാണ് പുതിയ നിർദേശം. ഈ മുറികൾ പരിശോധനക്കും ഓൺലൈൻ സേവനങ്ങൾക്കും ഒഴികെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല.
പെട്രോൾ പമ്പിൽ പുക പരിശോധന കേന്ദ്രം അനുവദിക്കുന്നതിനും പുതിയ മാനദണ്ഡങ്ങളായി. പരിശോധന കേന്ദ്രത്തിലെ ജീവനക്കാർക്കും യോഗ്യത നിശ്ചയിച്ചു. ലൈസൻസി മരിച്ചാൽ മൂന്നുമാസത്തേക്ക് മാത്രമേ പ്രവർത്തനാനുമതി ഉണ്ടാകൂ.