ട്രഷറി സേവിങ്സ് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി ട്രാൻസ്ഫർ ചെയ്ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രെഡിറ്റ് ആകാത്തത് ആർബിഐ നെറ്റ്വർക്കിലെ തടസംമൂലം. കഴിഞ്ഞ ദിവസങ്ങളിൽ ടിഎസ്ബി അക്കൗണ്ട് ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ പൂർത്തീകരിക്കാത്തത് തങ്ങളുടെ നിയന്ത്രണത്തിലുള്ള ഇ-കുബേർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലമാണെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.
ആർബിഐ പണിമിടപാടുകൾ കൈകാര്യം ചെയ്യുന്ന നെറ്റുവർക്കായ ഇ-കുബേറിന്റെ സുരക്ഷാ സംവിധാനത്തിലുണ്ടായ പ്രശ്നങ്ങളാണ് ഓൺലൈൻ ട്രാൻസ്ഫറുകളിൽ പണം ക്രഡിറ്റ് ചെയ്യാപ്പെടാത്തതെന്നാണ് ബാങ്കിന്റെ ഉന്നത വൃത്തങ്ങൾ അറിയിച്ചത്. ടിഎസ്ബി അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി പണം കൈമാറ്റം ചെയ്യുന്നതിന് തടസം നേരിടുന്നുവെന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രഷറി വകുപ്പും സർക്കാരും ആർബിഐ അധികൃതരുമായി ബന്ധപ്പെട്ട് വരികയാണ്. പ്രശ്നം പരിഹരിക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചു വരുന്നതായാണ് ബാങ്ക് അധികാരികൾ അറിയിച്ചിട്ടുള്ളത്.