സ്വർണവിലയിൽ കനത്ത ഇടിവ്; പവൻ 69,000നും താഴെയെത്തി, പണിക്കൂലിയും ജിഎസ്ടിയും ചേർത്തുള്ള വിലയിലും വൻ ആശ്വാസം

news image
May 15, 2025, 5:06 am GMT+0000 payyolionline.in

സ്വർണാഭരണം (gold) വാങ്ങാനാഗ്രഹിക്കുന്നവർക്ക് വൻ ആശ്വാസം സമ്മാനിച്ച് ഇന്നു വിലയിൽ (gold price today) കനത്ത ഇടിവ്. ഗ്രാമിന് (gold rate) ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് വില 8,610 രൂപയും പവന് 1,560 രൂപ താഴ്ന്ന് 68,880 രൂപയുമായി (Kerala gold price). കഴിഞ്ഞ ഏപ്രിൽ 11ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന വിലയാണിത്. രാജ്യാന്തര വിലയുടെ തകർച്ചയാണ് കേരളത്തിലും പ്രതിഫലിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പുവരെ ഔൺസിന് 3,500 ഡോളർ എന്ന റെക്കോർഡിലായിരുന്ന രാജ്യാന്തര വില ഇന്നൊരുഘട്ടത്തിൽ ഒരുമാസത്തെ താഴ്ചയായ 3,149.18 ഡോളറിലേക്ക് ഇടിഞ്ഞു. നിലവിൽ വ്യാപാരം നടക്കുന്നത് 3,150.66 ഡോളറിൽ.

കഴിഞ്ഞമാസം 22ന് കേരളത്തിൽ പവൻവില 74,320 രൂപയും ഗ്രാം വില 9,290 രൂപയുമെന്ന റെക്കോർഡ് കുറിച്ചിരുന്നു. തുടർന്ന് ഇതിനകം പവന് 5,440 രൂപയും ഗ്രാമിന് 680 രൂപയും കുറഞ്ഞു. 18 കാരറ്റ് സ്വർണം, െവള്ളിവിലകളിലും ഇന്നു കുറവുണ്ട്. ചില അസോസിയേഷനു കീഴിലെ കടകളിൽ 18 കാരറ്റിനു വില ഗ്രാമിന് 160 രൂപ താഴ്ന്ന് 7,095 രൂപയാണ്. മറ്റു ചില കടകളിൽ 160 രൂപ തന്നെ കുറഞ്ഞ് 7,060 രൂപ. സ്വർണവില നിർണയത്തിൽ അസോസിയേഷനുകൾക്കിടയിൽ ഭിന്നതയുള്ളതാണ് വില വേറിട്ടുനിൽക്കാൻ കാരണം. വെള്ളിവില എല്ലാ കടകളിലും ഒരു രൂപ കുറഞ്ഞ് ഗ്രാമിന് 107 രൂപയിലെത്തി. കനംകുറഞ്ഞ (ലൈറ്റ്‌വെയ്റ്റ്) ആഭരണങ്ങളും വജ്രം ഉൾപ്പെടെ കല്ലുകൾ പതിപ്പിച്ച ആഭരണങ്ങളും നിർമിക്കാനുപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം.

ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ ചുങ്കപ്പോരിന് ശമനമാകുന്നതും ഇന്ത്യയും ജപ്പാനും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായും യുഎസ് താരിഫ് വിഷയത്തിൽ സമവായത്തിലേക്ക് കടക്കുന്നതുമാണ് സ്വർണവിലയെ പ്രധാനമായും താഴേക്കുനയിച്ചത്. താരിഫ് പ്രശ്നം ശമിക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് നേട്ടമാണ്. പ്രതിസന്ധികൾ അകലുന്നത് സ്വർണത്തിന്റെ ‘സുരക്ഷിത നിക്ഷേപം’ (safe-haven) എന്ന ശോഭകെടുത്തും. ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപങ്ങളിൽ നിന്ന് നിക്ഷേപകർ ഓഹരി, കടപ്പത്ര വിപണികളിലേക്ക് തിരികെയെത്തും. ഇതാണ് സ്വർണത്തിന് പ്രതികൂലമാകുന്നത്.

ഇന്ത്യയിൽ, ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 24 പൈസ ഇടിഞ്ഞ് 85.52ലാണ് വ്യാപാരത്തുടക്കത്തിലുള്ളത്. രൂപ തളർന്നില്ലായിരുന്നെങ്കിൽ ഇന്ന് സ്വർണവില കേരളത്തിൽ കൂടുതൽ കുറയുമായിരുന്നു. ഡോളർ രൂപയ്ക്കെതിരെ കരുത്താർജ്ജിക്കുന്നത് സ്വർണവില നിർണയത്തിൽ പ്രതിഫലിക്കും. മാത്രമല്ല, സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് കൂടുമെന്നതും ആഭ്യന്തരവിലയെ സ്വാധീനിക്കും.

വില ഇനിയും കുറയുമോ?

നിലവിലെ രാജ്യാന്തര, ആഭ്യന്തരസ്ഥിതികൾ‌ സ്വർണത്തിന് പ്രതികൂലമാണ്. രാജ്യാന്തരവില 3,100 ഡോളറിനും താഴെയെത്തിയേക്കാമെന്ന് ചില നിരീക്ഷകർ പ്രവചിക്കുന്നുണ്ട്. എന്നാൽ, യുഎസിന്റെ റീട്ടെയ്ൽ സെയിൽ‌സ് ഉൾപ്പെടെയുള്ള സാമ്പത്തികക്കണക്കുകൾ അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ അനുകൂലമാണെങ്കിൽ, സ്വർണവില വീണ്ടും മേലോട്ട് നീങ്ങും. പലിശനിരക്ക് കുറയുന്നത് ഡോളറിനും ബോണ്ടിനും തിരിച്ചടിയാണ്. ഫലത്തിൽ, നിക്ഷേപകർ സ്വർണത്തിലേക്ക് ചുവടുമാറ്റുകയും വില കയറുകയും ചെയ്യും.

മറ്റൊന്ന്, നിലവിലെ ഇടിവ് മുതലെടുത്തുള്ള വാങ്ങൽതാൽപര്യം വർധിച്ചാലും (ബൈയിങ് ദ ഡിപ് ട്രെൻഡ്) വില കൂടും. ഇന്ത്യയുടെ റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ നിരവധി കേന്ദ്രബാങ്കുകൾ കരുതൽശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിച്ചേർക്കുന്നതും സ്വർണത്തിനാണ് നേട്ടമാവുക. രാജ്യാന്തരവില ഇന്ന് ഇനിയും താഴേക്ക് നീങ്ങിയാൽ‌ കേരളത്തിൽ ഇന്നുച്ചയോടെ വില കൂടുതൽ താഴാനും സാധ്യതയുണ്ട്.

പണിക്കൂലിയുൾപ്പെടെ വില

ഏപ്രിൽ 22ന് സ്വർണവില റെക്കോർഡിൽ ആയിരുന്നപ്പോൾ ഒരു പവൻ ആഭരണത്തിന്റെ വില 80,432 രൂപയായിരുന്നു. ഒരു ഗ്രാം സ്വർണാഭരണത്തിന് 10,054 രൂപയും. 3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, 5% പണിക്കൂലി എന്നിവ പ്രകാരമുള്ള വാങ്ങൽവിലയായിരുന്നു ഇത്. പണിക്കൂലി 5% തന്നെ കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന് 74,548 രൂപയേയുള്ളൂ; ഒരു ഗ്രാം സ്വർണാഭരണത്തിന് 9,318 രൂപയും. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അത് 3 മുതൽ 35 ശതമാനം വരെയൊക്കെയാകാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe