ചെറുതോണി: തോപ്രാംകുടി ടൗൺ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടയിൽ സംഘർഷമുണ്ടാക്കുകയും ഒഴിവാക്കാൻ ശ്രമിച്ച യുവാവിനെ കമ്പി വടി ഉപയോഗിച്ച് ക്രൂരമായി അടിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റു ചെയ്ത എട്ട് പ്രതികളെ കോടതി റിമാൻഡുചെയ്തു. ഒരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. സി. സി. ടി.വി.യിൽ ഒമ്പതു പേർ ചേർന്ന് മർദിക്കുന്നത് വ്യക്തമാണ്.
ഒൻപതാമനെ തങ്ങൾക്കറിയില്ലെന്നാണ് മറ്റു എട്ടു പ്രതികളും പറയുന്നത്. എന്നാൽ, പൊലീസ് ഇതു വിശ്വാസത്തിലെടുത്തിട്ടില്ല. തലയിലും ദേഹത്തും മാരകമായി പരിക്കേറ്റ കുഴിക്കാട്ട് വിജേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്. ഇടുക്കി ഡിവൈ.എസ്.പി. ജിൽസൺ മാത്യുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തോപ്രാംകുടി ടൗണിലെ ലോട്ടറി വ്യാപാരിയാണ് മർദനമേറ്റ കുഴിക്കാട്ട് വിജേഷ്. തോപ്രാംകുടിയിൽ കഴിഞ്ഞ കുറെ നാളുകളായി സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുകയാണന്ന് നാട്ടുകാർ ആരോപിച്ചു. 20ലധികം പേർ സംഘത്തിലുണ്ട്.