കേരളത്തിലേക്ക് ഒരു വന്ദേഭാരത് കൂടി എത്തുന്നു; രാമേശ്വരം ട്രെയിൻ ജൂണിൽ സർവീസ് പുനഃരാരംഭിക്കും

news image
May 16, 2025, 4:16 am GMT+0000 payyolionline.in

പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ലഭിച്ചേക്കും. മംഗളൂരു-ഗോവ റൂട്ടിൽ ഓടുന്ന വന്ദേഭാരത് സർവീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ സിങ് അറിയിച്ചതായി എം.കെ രാഘവൻ എം.പി അറിയിച്ചു. മലബാർ മേഖലയിലെ എം.പിമാരുമായി നടത്തിയ ചർച്ചയിലാണ് ഉറപ്പ് ലഭിച്ചത്.

മംഗളൂരു-രാമേശ്വരം എക്സ്പ്രസ് ജൂണിൽ സർവീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ദക്ഷിണ റെയിൽവേ മാനേജർ നൽകിയെന്നും എം.പിമാർ അറിയിച്ചു. മലബാറിൽ നിന്ന് കോളജിൽ പോകാൻ വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൂടുതൽ മെമു പാസഞ്ചർ ട്രെയിനുകൾ വേണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. നിലവിൽ കേരളത്തിൽ സർവീസ് നടത്തുന്ന 12 മെമു സർവീസുകളിൽ ഒന്ന് മാത്രമാണ് മലബാറിൽ സർവീസ് നടത്തുന്നത്. യാത്രക്ലേശം പരിഹരിക്കാൻ മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് പുതിയ പാസഞ്ചർ സർവീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയിൽവേ മാനേജർ എം.പിമാരെ അറിയിച്ചു.

റെയിൽവേ സ്റ്റേഷനുകളിൽനിന്നു വിവിധയിടങ്ങളിലേക്കുണ്ടായിരുന്ന ചെറിയ റോഡുകൾ അടയ്ക്കുമ്പോൾ ആളുകളുടെ ആശങ്ക പരിഹരിക്കാൻ കളക്ടറുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് തീരുമാനമെടുക്കാൻ പ്രത്യേക സമിതിയെ നിയമിക്കും. എംപിമാരായ കെ. ഈശ്വരസ്വാമി, കെ. രാധാകൃഷ്ണൻ, എം.കെ. രാഘവൻ, രാജ്മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, വി.കെ. ശ്രീകണ്ഠൻ, വി. ശിവദാസൻ, പി.പി. സുനീർ, പി.ടി. ഉഷ എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe