കൊച്ചി: ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ചുചേർത്ത എംപിമാരുടെ യോഗത്തിൽ സംസ്ഥാനത്തേക്ക് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾക്ക് ശുപാർശ. നേരത്തെ പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം – ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പറിന് പുറമെ, പുതിയ രണ്ട് സർവീസുകൾക്കുള്ള നിർദേശം ഉയർന്നത്. പാലക്കാട് ഡിവിഷൻ ആസ്ഥാനത്ത് വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാനത്തിനകത്ത് പുതിയ വന്ദേ ഭാരത് പരിഗണിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ അറിയിച്ചു.
പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് വന്ദേ ഭാരതിനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. ഇതിന് പാലക്കാട് ടൗൺ സ്റ്റേഷനിലെ പിറ്റ് ലൈൻ നിർമാണം പൂർത്തിയാകണം. ഇതിന് പുറമെ നേരത്തെ ഉയർന്നുകേട്ടത് പോലെ മംഗളൂരു – കോയമ്പത്തൂർ വന്ദേ ഭാരത് നിർദേശിക്കുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് എംപിമാരോട് പറഞ്ഞു.
മംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കണണെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ സർവീസിന് നിർദേശം നൽകുമെന്ന് തന്നെയാണ് യോഗത്തിൽ ദക്ഷിണ റെയിൽവേ അറിയിച്ചിരിക്കുന്നത്. മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കാസർകോട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് വഴി കോയമ്പത്തൂരിൽ എത്തുന്ന സർവീസാണ് പരിഗണിക്കുന്നത്. യാഥാർഥ്യമായാൽ മലബാറിലെ യാത്രക്കാർക്ക് വലിയ നേട്ടമായി ഇത് മാറും.പാലക്കാട് ടൗൺ സ്റ്റേഷനിലെ പിറ്റ് ലൈൻ പ്രവർത്തനം തുടങ്ങിയാൽ പാലക്കാട് – തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ പരിഗണിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ പാലക്കാട് എംപി വികെ ശ്രീകണ്ഠനെയാണ് അറിയിച്ചത്. പിറ്റ് ലൈൻ നിർമാണം വൈകുന്നത് എംപി യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിർമാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.ഈ രണ്ട് വന്ദേ ഭാരതിന് പുറമെ ഗോവ വന്ദേ ഭാരത് കോഴിക്കോടേക്ക് സർവീസ് നീട്ടുമെന്ന കാര്യവും റെയിൽവേ എംപിമാരെ അറിയിച്ചിട്ടുണ്ട്. മഡ്ഗാവ് – മംഗളൂരു വന്ദേ ഭാരത് കോഴിക്കോട്ടേക്ക് നീട്ടാൻ ശുപാർശ ചെയ്തുവെന്നാണ് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർഎൻ സിങ് പറഞ്ഞത്. വന്ദേ ഭാരത് സർവീസുകൾക്ക് പുറമെ മംഗളൂരു – രാമേശ്വരം ട്രെയിൻ അടുത്ത മാസം സർവീസ് പുനഃരാരംഭിക്കുകയും ചെയ്യും.