നവീകരിച്ച വടകര, മാഹി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം 22ന്

news image
May 18, 2025, 7:23 am GMT+0000 payyolionline.in

വടകര: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയായ വടകര റെയിൽവേ സ്റ്റേഷൻ വ്യാഴാഴ്ച നാടിന് സമർപ്പിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി 22 കോടി രൂപയുടെ വികസനമാണ് വടകര റെയിൽവേ സ്റ്റേഷനിൽ പൂർത്തിയായത്. പാലക്കാട് ഡിവിഷൻ റെയിൽവേ മാനേജർ അരുൺ ചതുർവേദി, എഡിആർ എം എസ്ജയകൃഷ്ണൻ തുടങ്ങി റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്ച റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തി. റെയിൽവേ സ്റ്റേഷനിൽ 710 മീറ്റർ നീളത്തിൽ മൂന്ന് പ്ലാറ്റ്ഫോമുകളാണുള്ളത്. 24 കോച്ചുകളുള്ള വണ്ടികൾക്ക് ബർത്ത് ചെയ്യാനാവും. 8582 സ്ക്വയർ മീറ്ററിൽ പാർക്കിങ് സൗകര്യം മഴയും വെയിലും കൊള്ളാത്ത തരത്തിലുള്ള മേൽക്കൂര സഹിതം ഒരുക്കിയിട്ടുണ്ട്.

ഇരിപ്പിടങ്ങൾ, കുടിവെള്ളം, പ്ലാറ്റ്ഫോമിന്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള വൈദ്യുത വിളക്കുകളും ഫാനുകളും, സിസിടിവി കാമറകൾ, കോച്ച് പൊസിഷൻ ഡിസ്‌പ്ലേ ബോർഡുകൾ, നിരന്തരമുള്ള അനൗൺസ്മെന്റുകൾ, സ്റ്റേഷൻ കവാടത്തിൽ യാത്രക്കാർക്ക് വണ്ടികളുടെ സമയക്രമങ്ങൾ കാണിച്ച സൈൻബോർഡ്, സ്റ്റേഷൻ മുൻവശം ഏറെ ആകർഷകമായ രീതിയിലാണ് നിർമിച്ചിരിക്കുന്നത്. പൂന്തോട്ടം, ചുവർചിത്രങ്ങൾ എന്നിവയും സ്റ്റേഷനിലുണ്ട്. റെയിൽവേ സ്റ്റേഷനിലെ കുളം നവീകരണവും പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയിട്ടുണ്ട്. വന്ദേഭാരത്, രാജധാനി എക്സ്പ്രസ്, പുണെ എക്സ്പ്രസ്, അമൃത്‌സർ എക്സ്പ്രസ്, അന്ത്യോദയ എക്സ്പ്രസ് എന്നിവക്ക് വടകര സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായി മുറിച്ചുമാറ്റപ്പെട്ട മരങ്ങൾക്കുപകരം മരം വച്ചുപിടിപ്പിക്കുക എന്നതും പ്രധാന ദൗത്യമാണ്‌. പാലക്കാട് ഡിവിഷനുകീഴിൽ പൂർത്തിയായ മാഹി റെയിൽവേ സ്റ്റേഷൻ നവീകരണ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും. രാവിലെ ഒമ്പതരക്ക് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും. എംപി, എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും. 11.30ന് പ്രധാനമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe