ന്യൂഡൽഹി: അമൃത്സറിലെ സുവർണ്ണക്ഷേത്രം ആക്രമിക്കാൻ പാകിസ്താൻ പദ്ധതിയിട്ടുവെന്നും അതിനുള്ള നീക്കം നടത്തിയെന്നും വെളിപ്പെടുത്തി ഇന്ത്യൻ സൈന്യം. മെയ് ഏഴിനും എട്ടിനും ഇടയിലുള്ള രാത്രിയിലാണ് ആക്രമണത്തിനുള്ള നീക്കം നടത്തിയത്. പാകിസ്താനിലെ ഭീകരരുടെ ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചതിനുള്ള പ്രതികാരമാണ് അവർ നടത്തിയതെന്നും 15ാമത് ഇൻഫാന്ററി ഡിവിഷൻ ജനറൽ ഓഫീസർ കമാൻഡർ കാർത്തിക്.സി.ശേഷാദ്രി പറഞ്ഞു.
സൈനിക കേന്ദ്രങ്ങളും ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളും മതകേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ ആക്രമണം. ഇതിൽ സുവർണക്ഷേത്രം ആക്രമിക്കുന്നതിന് വലിയ പ്രാധാന്യം തന്നെ പാകിസ്താൻ നൽകി. മെയ് എട്ടാം തീയതി പുലർച്ചെ ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
എന്നാൽ, ആക്രമണം പ്രതിരോധിക്കുന്നതിന് ഇന്ത്യൻ സൈന്യം പൂർണ്ണ സജ്ജമായിരുന്നു. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം സുവർണ്ണ ക്ഷേത്രം ലക്ഷ്യമിട്ടെത്തിയ ഡ്രോണുകൾ വെടിവെച്ചിടുകയും ചെയ്തു. സുവർണക്ഷേത്രത്തിന് ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാൻ സൈന്യത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സുവർണക്ഷേത്രത്തെ സംരക്ഷിക്കാൻ ആകാശ് മിസൈൽ സിസ്റ്റം, എൽ-70 എയർ ഡിഫൻസ് തോക്കുകൾ എന്നിവയാണ് സൈന്യം ഉപയോഗിച്ചത്. അമൃത്സറിന് പുറമേ ജമ്മു, ശ്രീനഗർ, പത്താൻകോട്ട്, ജലന്ധർ, ലുധിയാന, ഛണ്ഡിഗഢ്, ഭുജ് തുടങ്ങിയ സ്ഥലങ്ങൾ ലക്ഷ്യമിട്ടും പാകിസ്താൻ ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.