ഏഷ്യന്‍ രാജ്യങ്ങളില്‍ വീണ്ടും കൊവിഡിന്റെ പുതിയ തരംഗം വ്യാപകമാകുന്നുവെന്ന് റിപോർട്ടുകൾ. ഹോങ്കോങ്, ചൈന, സിങ്കപ്പൂർ എന്നിവിടങ്ങളിലാണ് പുതിയ തരംഗം വ്യാപിക്കുന്നത്. ഈ രാജ്യങ്ങളിൽ ഗവൺമെന്റുകൾ ശക്തമായ ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.
സിംഗപ്പൂരില്‍ കഴിഞ്ഞ വർഷത്തേക്കാൾ കേസുകളുടെ എണ്ണത്തിൽ 28 ശതമാനമാണ് വർധനവുണ്ടായത്. കഴിഞ്ഞ ആഴ്ച 14,200 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
പോസിറ്റീവാകുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ ഉള്ളതെന്നാണ് ഹോങ്കോങ് അധികൃതർ പറയുന്നത്.
പുതിയ തരംഗത്തെ ജാഗ്രതയോടെ നേരിടണമെന്നാണ് ആരോഗ്യ പ്രവർത്തകർ പറയുന്നത്. പനി, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ഓക്കാനം, ഛർദ്ദി, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, കണ്ണിലെ ചുവപ്പ് എന്നിവയെല്ലാമാണ് സാധാരണയായി കൊവിഡിന്റെ സൂചനകളായി കാണപ്പെടുന്നത്. ഇതിലേതെങ്കിലും ഉണ്ടെന്ന് കരുതി പരിഭ്രാന്തരാകേണ്ട കാര്യമില്ല. ലക്ഷണങ്ങൾ തുടർന്നാൽ ഡോക്ടറെ കാണുക. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടായാൽ, മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈ കഴുകുക.