കണ്ണൂർ: റെയിൽപ്പാളങ്ങളുടെ ഇരുവശവും സുരക്ഷാവേലി നിർമിക്കുന്നു. പോത്തന്നൂർ മുതൽ മംഗളൂരു വരെ 530 കിലോമീറ്ററിലാണ് ആദ്യഘട്ടത്തിൽ വേലി സ്ഥാപിക്കുന്നത്. ഇതിനായി 320 കോടി രൂപ അനുവദിച്ചു. തീവണ്ടിവേഗം മണിക്കൂറിൽ 130 കിലോമീറ്ററിലേക്ക് ഉയർത്തുമ്പോൾ സുരക്ഷയുടെ ഭാഗമായിട്ടാണ് വേലി നിർമിക്കുന്നത്. നിലവിൽ പാലക്കാട് ഡിവിഷനിലെ എട്ട് സെക്ഷനുകളിലാണ് നിർമാണം നടക്കുന്നത്.
കന്നുകാലികളടക്കം പാളത്തിൽ കയറി ഇടിച്ചാൽ വന്ദേഭാരത് ട്രെയിനുകളുടെ സുരക്ഷയെ ബാധിക്കുമെന്ന് സുരക്ഷാ കമ്മിഷണറുടെ റിപ്പോർട്ടുണ്ടായിരുന്നു. വന്ദേഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ദക്ഷിണ റെയിൽവേയിലെ മേഖലകളിലെല്ലാം സുരക്ഷാവേലി സ്ഥാപിക്കുന്നുണ്ട്.
സുരക്ഷയും വേഗവും
തീവണ്ടികളുടെ വേഗം 130 കിലോമീറ്ററായി ഉയർത്തുന്നതിന്റെ ഭാഗമായി സുരക്ഷയ്ക്ക് പാളങ്ങളിൽ മൂന്നാം സിഗ്നൽ സ്ഥാപിച്ചുവരികയാണ്. വണ്ടി സ്റ്റേഷനിൽ പ്രവേശിക്കുംമുൻപ് അടയാളം നൽകാൻ നിലവിൽ രണ്ട് സിഗ്നൽ പോസ്റ്റുണ്ട്. അതിനുപുറമെ ഒരു സിഗ്നൽ സംവിധാനംകൂടി വരും. സ്റ്റേഷനിലേക്കുള്ള തീവണ്ടികളുടെ വരവിനും പോക്കിനും വേഗം കൂടും.