പേരാമ്പ്ര∙ മെഡിക്കൽ കോളജിന്റെ അനാസ്ഥ മൂലം വീട്ടിൽ എത്തിച്ച മൃതദേഹം തിരിച്ചു കൊണ്ടുപോയി പൊലീസ്. വിഷം ഉള്ളിൽ ചെന്ന് മരിച്ച മരുതേരി പരപ്പൂർ മീത്തൽ ദാസൻ (66)ന്റെ മൃതദേഹമാണ് ചടങ്ങുകൾക്ക് വേണ്ടി കുളിപ്പിച്ച് കിടത്തിയ സ്ഥലത്തു നിന്നും പൊലീസ് കൊണ്ടുപോയത്. കഴിഞ്ഞ 15നായിരുന്നു ദാസനെ വിഷം ഉള്ളിൽ ചെന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചത്. 4 ദിവസം ചികിത്സയിൽ കഴിഞ്ഞ ദാസന്റെ ആരോഗ്യ നില മോശമായതിനെ തുടർന്ന് 19ന് മെഡിക്കൽ കോളജിലേക്ക് അയയ്ക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽ എത്തിയ ദാസൻ 19ന് രാത്രി ഒരു മണിയോടെ മരിച്ചു. എന്നാൽ, അനന്തര നടപടികൾ ഒന്നും ചെയ്യാതെ ദാസന്റെ മൃതദേഹം മെഡിക്കൽ കോളജ് അധികാരികൾ പുലർച്ചെ ബന്ധുക്കൾക്ക് വിട്ടു കൊടുക്കുകയായിരുന്നു. മൃതദേഹം വീട്ടിലെത്തിച്ച് ബന്ധുക്കൾ സംസ്കാരം ചടങ്ങുകൾ നടത്താൻ നോക്കുന്ന സമയത്താണ് മെഡിക്കൽ കോളജ് പൊലീസ് ഇൻസ്പെക്ടർ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടറെ വിളിച്ച് ദാസൻ്റെ മൃതദേഹം മെഡിക്കൽ കോളജിൽ എത്തിക്കാൻ നിർദ്ദേശിച്ചത്. ഉടൻ പേരാമ്പ്ര പൊലീസ് ഇൻസ്പെക്ടർ എത്തി മൃതദേഹം മെഡിക്കൽ കോളജിൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിക്കുകയായിരുന്നു.
മൃതദേഹം ഉടൻ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ച് ഇൻക്വസ്റ്റ് നടത്തിയ ശേഷമാണ് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. ദാസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ: ലീല. മക്കൾ: ലിതാസ് (ബഹറൈൻ), ദാസില (കോ- ഓപ്പറേറ്റീവ് നീതി ലാബ്). മരുമക്കൾ: അഞ്ജനഉദയൻ (പാലേരി). സഹോദരങ്ങൾ: വിജയൻ, പരേതനായ ഗോപി.