പറവൂർ: ഇരുചക്ര വാഹനത്തിലെത്തിയ മോഷ്ടാക്കൾ വയോധികയുടെ മാല കവർന്നു. പൊലീസ് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ മാല മുക്കുപണ്ടമെന്ന് കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ 11ഓടെ വടക്കേക്കര തുരുത്തിപ്പുറത്ത് ഇടവഴിയിലൂടെ നടന്നുപോകുകയായിരുന്ന ചെറായി സ്വദേശിനിയായ വയോധികയുടെ മാലയാണ് കവർന്നത്. പിന്നാലെയെത്തിയ ഓട്ടോയിൽ ഉണ്ടായിരുന്നവർ മോഷ്ടാക്കളെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ വടക്കേക്കര പൊലീസിനോട്, നഷ്ടമായത് രണ്ടര പവനോളം തൂക്കം വരുന്ന സ്വർണ മാലയാണെന്നും മകൾ വാങ്ങി നൽകിയതാണെന്നും വയോധിക പറഞ്ഞു. പൊലീസ് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് അന്വേഷണം വേണ്ടെന്ന് പറഞ്ഞ് വയോധികയുടെ മകൾ രംഗത്തെത്തിയത്.
കാരണം തിരക്കിയ പൊലീസ് മകളുടെ മറുപടി കേട്ട് അമ്പരന്നു. നഷ്ടപ്പെട്ട മാല മുക്കുപണ്ടമാണെന്നും അതിനാൽ പരാതിയില്ലെന്നും മകൾ പറഞ്ഞതോടെയാണ് അമ്മയും നഷ്ടപ്പെട്ട മാല മുക്കുപണ്ടമായിരുന്നെന്ന് തിരിച്ചറിഞ്ഞത്. വയോധിക ഏറെ നാളുകളായി മകളുടെ വടക്കേക്കരയിലെ വീട്ടിലായിരുന്നു താമസം. വീട്ടുകാർ അന്വേഷണം വേണ്ടെന്ന് പറഞ്ഞെങ്കിലും മാല മോഷ്ടാക്കൾ രംഗത്തിറങ്ങിയ സാഹചര്യത്തിൽ ഇവരെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.