കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്തു സംഭവിക്കുമെന്ന് ശത്രുക്കൾ കണ്ടു; ആണവായുധ ഭീഷണികൾക്ക് ഇന്ത്യ ഭയപ്പെടില്ല

news image
May 22, 2025, 3:47 pm GMT+0000 payyolionline.in

ബിക്കാനീർ: ആണവായുധ ഭീഷണികൾക്ക് ഇന്ത്യ ഭയപ്പെടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി മൂന്നു സേനകൾക്കും സ്വതന്ത്രമായി പ്രവർത്തിക്കാൻ അവസരം നൽകിയെന്നും, അവർ ഒരുക്കിയ കെണിയിൽ പാക്കിസ്ഥാൻ മുട്ടുമടക്കിയെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി 9 ഭീകരകേന്ദ്രങ്ങളിൽ 22 മിനിട്ടുകൊണ്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്താണ് സംഭവിക്കുകയെന്ന് രാജ്യത്തിന്റെ ശത്രുക്കൾ കണ്ടു. സിന്ദൂരം മായ്ക്കാൻ വന്നവരെ സൈന്യം മണ്ണിനോട് ചേർത്തു. ഇതു പുതിയ ഭാരതത്തിന്റെ രൗദ്രഭാവമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭീകരവാദികളോട് ഈ രീതിയിലായിരിക്കും രാജ്യം പെരുമാറുക. സംഘർഷത്തെക്കുറിച്ച് വിശദീകരിക്കാൻ ഇന്ത്യ പ്രതിനിധിസംഘത്തെ വിദേശ രാജ്യങ്ങളിലേക്ക് അയച്ചിരിക്കുകയാണ്. വിവിധ രാഷ്ട്രീയപാർട്ടികളിലുള്ളവർ സംഘത്തിലുണ്ട്. ഇതോടെ, പാക്കിസ്ഥാന്റെ യഥാർഥ മുഖം ലോകത്തിനു മനസ്സിലാകുമെന്നും മോദി പറഞ്ഞു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ ഭീകരർ നടത്തിയ വെടിവയ്പിൽ മലയാളി ഉൾപ്പെടെ 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേർക്കു പരുക്കേറ്റു. ഭീകരർക്കെതിരെ ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്ന പേരിൽ നടത്തിയ സൈനിക നടപടിയിലൂടെ ഒട്ടേറെ ഭീകരക്യാംപുകളും വ്യോമത്താവളങ്ങളും തകർത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe