പാലക്കാട്: വീട്ടിലിരുന്ന് ഓൺലൈനായി ഷെയർ ട്രേഡിങ് ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പാലക്കാട് പിരായിരി സ്വദേശിയുടെ 20.82 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ.
കോഴിക്കോട് തിരുവള്ളൂർ ടി.പി. അബ്ദുൽസലീമിനെയാണ് (23) പാലക്കാട് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. 2024 സെപ്തംബർ മുതൽ 2025 മാർച്ച് വരെയാണ് തട്ടിപ്പുകാർ ഫേസ്ബുക്ക് വഴിയും പിന്നീട് വാട്സ് ആപ്പ്, സ്കൈപ്പ് എന്നിവ വഴിയും നിരന്തരം ബന്ധപ്പെട്ടത്.
ചെറിയ തുക നിക്ഷേപിച്ചപ്പോൾ ലാഭം നൽകി വിശ്വാസം നേടിയെടുത്താണ് പിന്നീട് വൻ തുക തട്ടിയെടുത്തത്. നഷ്ടപ്പെട്ട തുകയിൽ നിന്നുള്ള വലിയ ഭാഗം പ്രതിയുടെ കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. ബാങ്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ജില്ല ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. എം. പ്രസാദിന്റെ നേതൃത്വത്തിൽ സൈബർ ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, സീനീയർ സിവിൽ പൊലീസ് ഓഫിസർ എസ്. സുജിത്, പി.കെ. ശരണ്യ. മുഹമ്മദ് ഫാസിൽ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തിയത്.