മൈസൂരു: ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മൈസൂരില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടാന്‍ വനംവകുപ്പ് തീരുമാനിച്ചു.
കനത്ത മഴ കാരണം വനപാതകളിലൂടെ സഞ്ചരിക്കാൻ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് വനംവകുപ്പിന്റെ തീരുമാനം. ബുധനാഴ്ച മുതല്‍ കേന്ദ്രത്തിലെ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളില്‍നിന്ന് സഫാരി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍, ദമ്മനക്കട്ടെ(കബിനി)യില്‍ നിന്നുള്ള സഫാരി പതിവുപോലെ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിരിക്കുന്നത്.
മൈസൂരു ജില്ലയിലെ ഒന്‍പത് താലൂക്കുകളിലും മേയ് ഒന്നുമുതല്‍ 27 വരെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചതായാണ് കണക്ക്. മേയില്‍ ശരാശരി 102.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെയായി ആകെ 158.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
കെആര്‍ നഗര്‍, ഹുന്‍സൂര്‍, പെരിയപട്ടണ, ടി നരസിപുര, സരഗൂര് എന്നീ താലൂക്കുകളിലാണ് ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത്. അതിനിടെ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ നടുവട്ടത്തിനടുത്ത് പാറകള്‍ റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയില്‍ ഗതാഗതം ഭാഗികമായി അടച്ചു. പകല്‍സമയത്ത് നിയന്ത്രണങ്ങളോടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടും. രാത്രി ഗതാഗതം അനുവദിക്കില്ല.

                            