ജെഇഇ മെയിൻ, ജെഇഇ അഡ്വാൻസ്ഡ് ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള അലോട്ട്മെന്റ് നടപടികൾ തുടങ്ങി. ജോയിന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി(JoSAA 2025 ) വഴിയാണ് ഐഐടി, എൻഐടി പ്രവേശനത്തിനുള്ള സീറ്റ് അലോക്കേഷൻ. രജിസ്ട്രേഷനും ചോയ്സ് ഫില്ലിങ്ങും ശ്രദ്ധയോടെ വേണം.
ജൂൺ 12 ന് വൈകിട്ട് 5 വരെ ചോയിസ് ഫില്ലിങ് നടത്താം. 9, 11 തിയതികളിൽ മോക്ക് സീറ്റ് അലോട്ട്മെന്റ് നടക്കും. 14 ന് രാവിലെ ആദ്യ റൗണ്ട് സീറ്റ് അലോക്കേഷൻ. വൈകിട്ട് 5 മുതൽ ഓൺലൈൻ റിപ്പോർട്ടിങ്ങും ഫീസ് അടയ്ക്കലും നടക്കും. 18 ന് വെകിട്ട് 5 വരെ ഇതു തുടരും. 21 ന് വൈകിട്ട് 5 ന് രണ്ടാം റൗണ്ട് ആരംഭിക്കും. ജൂലൈ 28 വരെ നീണ്ടു നിൽക്കുന്ന ആറ് റൗണ്ടുകളിലായിട്ടാണ് പ്രവേശന നടപടികൾ.
രജിസ്ട്രേഷൻ
രജിസ്ട്രേഷന് പ്രത്യേകം ഫീസില്ല. അലോട്ട്മെന്റ് ലഭിക്കുമ്പോൾ ‘സീറ്റ് അക്സപ്റ്റൻസ് ഫീ’ അടച്ചാൽ മതി. 30,000 രൂപയാണ് ഫീസ്. പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്ക് 15,000 രൂപ. പ്രോസസ്സിങ് ഫീസായ 5000 രൂപ ഒഴികെയുള്ള തുക അഡ്മിഷൻ ഫീസിൽ വകവയ്ക്കും.
സ്ഥാപനങ്ങളുംപ്രോഗ്രാമുകളും
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി – 31 എണ്ണം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി ഷിബ്പുർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (26 എണ്ണം), ഗവൺമെൻറ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (ജിഎഫ്ടിഐ- 47 എണ്ണം), ജെഇഇ അഡ്വാൻസ്ഡ് റാങ്കടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന 23 ഐഐടികളടക്കം 128 സ്ഥാപനങ്ങളിലേക്കാണ് പ്രവേശനം. ബിടെക്, ബിഇ, ബിആർക് , ബിപ്ലാനിങ് , 5 വർഷ എംടെക്/എംഎസ്സി, 4 വർഷ ബിഎസ് തുടങ്ങിയവയാണ് പ്രോഗ്രാമുകൾ.
യോഗ്യതാ മാർക്ക്
ജെഇഇ മെയിനിന് പ്രത്യേകം യോഗ്യതാ മാർക്ക് നിശ്ചയിച്ചിട്ടില്ല. എന്നാൽ ജെഇഇ അഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റിൽ ഇടം പിടിക്കാൻ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ 10 ശതമാനം മാർക്ക് വീതവും മൂന്നിനുംകൂടി 35 ശതമാനം മാർക്കും ലഭിക്കണം. ഒബിസി – എൻസിഎൽ, ജനറൽ ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് യഥാക്രമം 9, 31.5 ശതമാനം മാർക്കും പട്ടിക, ഭിന്നശേഷി വിഭാഗക്കാർക്ക് യഥാക്രമം 5, 17.5 ശതമാനം മാർക്കും ലഭിച്ചാൽ മതി.
അലോട്ട്മെന്റ് റൗണ്ടുകൾ
ജോസ വഴി ആറ് റൗണ്ട് അലോട്ട്മെന്റുകളാണുള്ളത്. ഐഐടികളിലേക്ക് ആറ് റൗണ്ട് അലോട്ട്മെന്റുകളുണ്ട്. എൻഐടി പ്ലസ് വിഭാഗത്തിൽ (എൻഐടി, ഐഐഐടി, ജിഎഫ്ടിഐ എന്നിവ) അഞ്ച് റൗണ്ടുകൾക്കുശേഷം മറ്റു നടപടിക്രമങ്ങളുണ്ട്. ഓരോ റൗണ്ടിലെയും ഫലപ്രഖ്യാപനത്തിനുശേഷം അലോക്കേഷൻ ലഭിക്കുന്നവർ ഓൺലൈൻ റിപ്പോർട്ടിങ്, ഫീസ് അടയ്ക്കൽ, ഡോക്യുമെന്റ്സ് അപ്ലോഡിങ് എന്നിവ നടത്തണം. ഐഐടി സീറ്റ്
സ്വീകരിച്ചവർക്ക് രണ്ടുമുതൽ അഞ്ചുവരെ റൗണ്ടുകളിൽ അത് വേണ്ടെന്ന് വയ്ക്കാം. എൻഐടി പ്ലസ് വിഭാഗത്തിൽ ആറാം റൗണ്ടിലും സീറ്റ് വേണ്ടെന്ന് വയ്ക്കാം. ജോസയുടെ മുൻവർഷങ്ങളിലെ അലോട്ട്മെന്റ് വിശദാംശങ്ങൾ josaa.admissions.nic.in എന്ന വെബ്സൈറ്റിൽ അറിയാം.
ഹോം സ്റ്റേറ്റ് ക്വോട്ട
ഐഐടി പ്രവേശനത്തിന് ഹോം സ്റ്റേറ്റ് ക്വോട്ടയില്ല. എൻഐടി പ്രവേശനത്തിനാണ് ഹോം സ്റ്റേറ്റ് (HS) ക്വോട്ടയുള്ളത്. സ്ഥാപനം നിലനിൽക്കുന്ന സംസ്ഥാനത്ത് യോഗ്യതാ പരീക്ഷയെഴുതുന്ന കുട്ടികൾക്ക് 50 ശതമാനം സീറ്റുകൾ നീക്കി വയ്ക്കുന്ന രീതിയാണിത്. ബാക്കി 50 ശതമാനം സീറ്റുകൾ ആ സംസ്ഥാനത്തിനു പുറത്ത് യോഗ്യതാ പരീക്ഷ എഴുതിയവർക്ക് അനുവദിക്കും (അദർ സ്റ്റേറ്റ് ക്വോട്ട – OS). ചില ജിഎഫ്ടിഐകളിലും ഹോം സ്റ്റേറ്റ് ക്വോട്ടയുണ്ട്.
ഫ്രീസ്, ഫ്ലോട്ട്, സ്ലൈഡ്
ജോസ കൗൺസലിങ്ങിൽ ഓരോ റൗണ്ട് അലോക്കേഷനുശേഷവും അവശേഷിക്കുന്ന ചോയ്സുകൾ എങ്ങനെ പരിഗണിക്കണമെന്ന് അപേക്ഷാർഥി ഓൺലൈനായി അറിയിക്കണം. ഏതെങ്കിലും ഒരു റൗണ്ടിൽ സീറ്റ് സ്വീകരിച്ചവർ അടുത്ത റൗണ്ടിലേക്ക് ഫ്രീസ്, ഫ്ളോട്ട്, സ്ലൈഡ് എന്നിവയിലൊന്ന് തെരഞ്ഞെടുക്കണം. കിട്ടിയ സീറ്റിൽ പൂർണ സംതൃപ്തിയുള്ളവർക്ക് ‘ഫ്രീസ്’ ഓപ്ഷൻ തെരഞ്ഞെടുക്കാം. പിന്നീട് ഒരു മാറ്റവും സാധ്യമല്ല. അവശേഷിക്കുന്ന എല്ലാ ചോയ്സുകളും തുടർറൗണ്ടുകളിൽ പരിഗണിക്കപ്പെടേണ്ടവർ ‘ഫ്ലോട്ട്’ ഓപ്ഷനാണ് നൽകേണ്ടത്.
അലോട്ട്മെന്റ് ലഭിച്ച സ്ഥാപനത്തിലെ മറ്റു പ്രോഗ്രാമുകളിലേക്ക് മാത്രം മാറ്റം ആഗ്രഹിക്കുന്നവർ ‘സ്ലൈഡ്’ ഓപ്ഷൻ തെരഞ്ഞെടുക്കണം.
പാർഷ്യൽ അഡ്മിഷൻ ഫീ
പ്രവേശനം ലഭിച്ച എല്ലാ വിദ്യാർഥികളും പാർഷ്യൽ അഡ്മിഷൻ ഫീ അടയ്ക്കേണ്ടതില്ല. എൻഐടി പ്ലസ് കാറ്റഗറിയിൽ താൽക്കാലിക പ്രവേശനം ലഭിച്ച കുട്ടികളാണ് ജോസ ആറാം റൗണ്ടിനു ശേഷം ഫീ അടയ്ക്കേണ്ടത്. 45,000 രൂപയാണ് ഫീസ്. പട്ടിക,ഭിന്നശേഷി വിഭാഗക്കാർക്ക് 20,000 രൂപ മതി. ഫീസ് അടയ്ക്കാത്ത വിദ്യാർഥികൾക്ക് ലഭിച്ച സീറ്റ് നഷ്ടപ്പെടും.
‘ഡാസ’ സ്കീം
പ്രവാസി വിദ്യാർഥികൾക്ക് ഇന്ത്യയിൽ തുടർപഠനത്തിന് അവസരമൊരുക്കുന്നതിനുള്ള പദ്ധതിയാണ് ‘ഡാസ’ (Direct Admission of Students Abroad). എൻഐടികൾ, ഐഐഐടികൾ, ജിഎഫ്ടിഐകൾ, എസ്പിഎകൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളിലാണ് പ്രവേശനം ലഭിക്കുക. കേരളത്തിൽ കോഴിക്കോട് എൻഐടിയിലും കോട്ടയം ഐഐഐടിയിലും ‘ഡാസ’വഴി സീറ്റുകളുണ്ട്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സിഐഡബ്ല്യുജി (Children of Indian Workers in Gulf Countries) സ്കീം വഴിയാണ് പ്രവേശനം . ഇത് ജോസ അലോട്ട്മെന്റിന്റെ ഭാഗമല്ല. dasanit.org എന്ന വെബ്സൈറ്റ് വഴി പ്രത്യേകം അപേക്ഷിക്കണം. ആഗസ്ത് മൂന്നിനകം അപേക്ഷ നൽകണം. പ്ലസ്ടുവിന് 75 ശതമാനം മാർക്ക് ലഭിക്കണമെന്ന നിബന്ധനയുണ്ട്. ജോസയുടെ ആറ് റൗണ്ട് അലോട്ട്മെന്റ് പൂർത്തിയായശേഷം ബാക്കിയുള്ള എൻഐടി പ്ലസ് കാറ്റഗറി സീറ്റുകളിലേക്കുള്ള പ്രത്യേക അലാട്ട്മെന്റാണ് സെൻട്രൽ സീറ്റ് അലോക്കേഷൻ ബോർഡ് (CSAB) നടത്തും. വിവരങ്ങൾക്ക്: csab.nic.in, https://josaa.nic.in
കേരളത്തിൽ മൂന്ന് സ്ഥാപനം
ജോസ അലോട്ട്മെന്റ് വഴി പ്രവേശനം നൽകുന്ന മൂന്ന് സ്ഥാപനം കേരളത്തിലുണ്ട്. ഐഐടി പാലക്കാട്, എൻഐടി കോഴിക്കോട്, ഐഐഐടി കോട്ടയം എന്നിവ