ചുറ്റുമതിലിനോടു ചേർന്നു മണ്ണെടുത്തു; കോട്ടപ്പറമ്പ് ആശുപത്രിയുടെ മതിലിടിഞ്ഞു

news image
Jul 3, 2025, 1:12 pm GMT+0000 payyolionline.in

കോഴിക്കോട്: കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ചുറ്റുമതിലിനോടു ചേർന്ന് സ്വകാര്യ വ്യക്തി മണ്ണെടുത്തു മാറ്റിയതിനെ തുടർന്ന് മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. മണ്ണെടുത്തു മാറ്റിയതിനു പുറമേ ചുറ്റുമതിലിന്റെ ഉള്ളിലേക്കുള്ള മണ്ണു തുരന്നെടുത്ത നിലയിലാണ്. ഈ ഭാഗത്ത് കല്ലുകൾ ഇളകിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്ക്കാൻ നിർദേശിച്ചു. മതിലിനോട് ചേർന്ന് ഇരുമ്പു കമ്പികൾ സ്ഥാപിക്കാനായി പൈലിങ് നടത്തവെയായിരുന്നു കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെഎച്ച്ആർഡബ്ല്യുഎസ്) പേ വാർഡ് കെട്ടിടത്തിനോടു ചേർന്ന ഭാഗത്തെ മതിൽ ഇടിഞ്ഞത്. ഇതിനോട് ചേർന്നാണ് ആശുപത്രിയിലെ കന്റീൻ പ്രവർത്തിക്കുന്നത്.

ആശുപത്രിയിലേക്കുള്ള ജലവിതരണ കുഴൽ, കന്റീനിലേക്കുള്ള പാചക വാതക പൈപ്പ് ലൈൻ എന്നിവയും പൊട്ടി. പൈപ്പിൽ നിന്നും വെള്ളം പാഴാകുന്നുണ്ട്. മതിൽ ഇടി‍ഞ്ഞ ഭാഗത്തുനിന്ന് അൽപം മാറി 4 മീറ്ററോളം നീളത്തിൽ വിള്ളൽ വീണിട്ടുണ്ട്.

അപകടാവസ്ഥ മുന്നിൽ കണ്ടു പേ വാർഡ് കെട്ടിടത്തിന്റെ ഒരു ഭാഗത്തു നിന്നുള്ള 9 രോഗികളെ വാർഡുകളിലേക്കു മാറ്റി. കെട്ടിട നിർമാണത്തിന്റെ ഭാഗമായി ഇവിടെ ഒരു മാസമായി മണ്ണെടുത്തു മാറ്റുന്നുണ്ട്. രണ്ടും മൂന്നും മീറ്റർ താഴ്ചയിലാണ് മണ്ണെടുത്തു മാറ്റിയത്. ഇതിനാൽ പിൻ വശത്ത് വെള്ളം കെട്ടിക്കിടക്കുകയാണ്. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ ഇടിയൽ ഇന്നലെ രാത്രിയും തുടർന്നു. മഴ ശക്തമായതിനാൽ അപകട സാധ്യത കൂടുതലാണ്.

ചുറ്റുമതിലിനു സമീപത്തു നിന്നു മണ്ണെടുക്കുമ്പോൾ ഒരു മീറ്ററെങ്കിലും വിടണമെന്നതു കൂടി പാലിക്കാതെയാണ് മണ്ണെടുത്തത്. ഇതിനാലാണ് മതിൽ വേഗത്തിൽ ഇടിയാൻ കാരണമായത്. കോർപറേഷനിൽ നിന്നു കെട്ടിട നിർമാണത്തിന് അനുമതി ലഭിക്കാതെയാണ് നിർമാണം തുടങ്ങിയത്. പ്ലാനിൽ അപാകതകൾ കണ്ടതിനാൽ അനുമതി നിഷേധിക്കുകയും പൈലിങ് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇതു നിർത്തിവയ്ക്കണമെന്നും മതിലിന് സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് നോട്ടിസും നൽകിയിരുന്നതായി കോർപറേഷൻ അധികൃതർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe