സ്വകാര്യ ബസില്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കണ്ടക്ടര്‍ പിടിയില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് നൊച്ചാട് സ്വദേശി റൗഫിനെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട്- കുറ്റ്യാടി റൂട്ടില്‍ ഓടുന്ന ബസിലെ കണ്ടക്ടറാണ് പ്രതി.
കഴിഞ്ഞ മാസം പത്താം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ബസിലെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി യുവതി പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തിന് ശേഷം റൗഫ് കോയമ്പത്തൂര്‍, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ കോയമ്പത്തൂരാണ് താന്‍ ഉള്ളതെന്നാണ് റൗഫ് പറഞ്ഞത്.
പൊലീസ് അന്വേഷിക്കുന്നതിനിടയില്‍ പ്രതി വ്യാജ പേരില്‍ സ്റ്റേഷനിലും പരിസരത്തും മറ്റൊരാവശ്യത്തിന് എത്തിയതായി രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ഇന്‍സ്പെക്ടര്‍ പി ജംഷിദിന്റെ നിര്‍ദേശ പ്രകാരം സബ് ഇന്‍സ്പെക്ടര്‍ ഷാജി നടത്തിയ അന്വേഷണത്തിലാണ് റൗഫ് പിടിയിലായത്.