ഓണത്തിന് ഒരു ലക്ഷം തൊഴിലെന്ന മുദ്രാവാക്യവുമായി വിജ്ഞാന കേരളവുമായി സഹകരിച്ച് കുടുംബശ്രീ പുതിയ ക്യാമ്പയിന്‍ ആരംഭിക്കുന്നു. സ്ത്രീകള്‍ക്ക് നൈപുണി പരിശീലനം നല്‍കി പ്രാദേശിക തൊഴിലുകള്‍ ലഭ്യമാക്കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ജൂലൈ 3,4,5 തീയതികളില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗങ്ങളിലാണ് ക്യാമ്പയിന് അന്തിമരൂപം നല്‍കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍മാരും സെക്രട്ടറിമാരും വിജ്ഞാന കേരളം മുഖ്യ ഉപദേഷ്ടാവ് ഡോ. ടി എം തോമസ് ഐസക്കും യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. വിജ്ഞാന കേരളം ക്യാമ്പയിന്‍ നിര്‍വഹണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
പ്രാദേശിക തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് സംരംഭക സംഘടനകളുമായി ജില്ലാതല യോഗങ്ങള്‍ സംഘടിപ്പിക്കും. സംരംഭകരെ നേരിട്ട് ബന്ധപ്പെടുന്നതിന് മൂന്ന് തലങ്ങളിലും പ്രത്യേക ടീമുകള്‍ക്ക് രൂപം നല്‍കും. ഓരോ പ്രദേശത്തുമുള്ള തൊഴിലുകള്‍ക്ക് സ്ത്രീ തൊഴിലാളികളെ കണ്ടെത്തുന്നത് കുടുംബശ്രീ സി ഡി എസുകള്‍ ആയിരിക്കും.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി എല്ലാ ബ്ലോക്കുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും തൊഴില്‍മേളകള്‍ സംഘടിപ്പിക്കും. തൊഴില്‍ ലഭിക്കുന്നവര്‍ക്കുള്ള പരിശീലനം നല്‍കുന്നത് അസാപ്പ്, കെ എ എസ് ഇ, മറ്റ് സര്‍ക്കാര്‍ ഏജന്‍സികൾ എന്നിവ ആയിരിക്കും. ഇവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക വിജ്ഞാന കേരളമായിരിക്കും.
സംസ്ഥാനത്തിന്റെ വികസനത്തെയും സ്ത്രീപദവിയെയും വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ശേഷിയുള്ള ദൗത്യമാണ് വിജ്ഞാനകേരളത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും ഏറ്റെടുത്തിട്ടുള്ളത്.