കോഴിക്കോട്: നിപ ബാധിച്ച് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽനിന്ന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ പാലക്കാട് സ്വദേശിനിയായ 38കാരിയുടെ ആരോഗ്യസ്ഥിതി അതിഗുരുതരാവസ്ഥയിൽ തുടരുന്നു. രോഗി അബോധാവസ്ഥയിലാണ്. ഇവർക്ക് തിങ്കളാഴ്ച മോണോക്ലോണൽ സെക്കൻഡ് ഡോസ് നൽകുമെന്ന് ഡോക്ടർമാർ അറിയിച്ചു. ആദ്യ ഡോസ് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽനിന്ന് നൽകിയിരുന്നു.
രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള ബന്ധുവായ കുട്ടിക്കും പനി തുടങ്ങിയിട്ടുണ്ട്. കുട്ടിയെ പാലക്കാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട്ടുകാരനായ 28കാരനെ നിപ ലക്ഷണങ്ങളോടെ കോഴിക്കോട് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിക്ക് കൂട്ടിരിപ്പിനായി എത്തിയ ആളാണ്. ഇയാളുടെ സ്രവം പരിശോധനക്ക് എടുത്തിട്ടുണ്ട്.
നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 383 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേർ. മലപ്പുറം ജില്ലയില്‍ നിപ ബാധിച്ച വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 241 പേര് നിരീക്ഷണത്തിലാണ്. പാലക്കാട്ടെ, രോഗിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 142 പേരും നിരീക്ഷണത്തിലാണ്. ആകെ സമ്പര്‍ക്ക പട്ടികയിലുള്ളവരില്‍ 94 പേര് കോഴിക്കോട് ജില്ലയിലും രണ്ടുപേര്‍ എറണാകുളം ജില്ലയിലുമാണ് നിരീക്ഷണത്തിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. പാലക്കാട് നാലുപേര്‍ ഐസൊലേഷനിലാണ്.
കേന്ദ്ര സംഘം കേരളത്തിലേക്ക്
നിപയുടെ സാഹചര്യത്തില്‍ സംസ്ഥാനത്ത് കേന്ദ്ര സംഘം പരിശോധനയ്ക്ക് എത്തും. നാഷണല്‍ ഔട്ട്ബ്രേക്ക് റെസ്പോണ്‍സ് ടീമാണ് കേരളത്തില്‍ എത്തുക. തച്ചനാട്ടുകര, ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവേശന നിരോധനം തുടരും.