അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍; ഗേറ്റിന്റെ പൂട്ട് പൊളിച്ച് സിഐ

news image
Jul 9, 2025, 12:42 pm GMT+0000 payyolionline.in

തിരുവനന്തപുരം ∙ അരുവിക്കര എല്‍പി സ്‌കൂളില്‍ ജോലിക്കെത്തിയ അധ്യാപകരെ സമരക്കാര്‍ പൂട്ടിയിട്ടു. പൊതുപണിമുടക്കു ദിവസം ജോലിക്കെത്തിയ 5 അധ്യാപകരെയാണ് പൂട്ടിയിട്ടത്. ഒടുവില്‍ പൊലീസ് എത്തിയാണ് അധ്യാപകരെ തുറന്നുവിട്ടത്. രാവിലെ ജോലിക്കെത്തിയ അധ്യാപകര്‍ ഇടയ്ക്ക് ഇറങ്ങിപ്പോകാതിരിക്കാനാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണ് സമരക്കാര്‍ പറയുന്നത്. പൊലീസ് എത്തിയപ്പോഴും വൈകിട്ട് 3.30 വരെയാണ് ഡ്യൂട്ടി സമയമെന്നും അതു കഴിയുമ്പോള്‍ തുറന്നുവിടാമെന്നും സമരക്കാര്‍ പറഞ്ഞു. ഇതോടെ പൊലീസ് മടങ്ങിപ്പോയി.

വൈകിട്ട് മൂന്നര കഴിഞ്ഞും ഗേറ്റ് തുറക്കാതെ വന്നതോടെ സിഐ മുരളീകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് സംഘമെത്തി. എന്നാല്‍ രാത്രി 12 മണിവരെ ഗേറ്റ് തുറക്കാനാവില്ലെന്ന നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് സിഐ പറഞ്ഞു. നിങ്ങള്‍ക്ക് സമരം ചെയ്യാന്‍ അധികാരമുള്ളതു പോലെ അവര്‍ക്കു ജോലി ചെയ്യാനുള്ള അധികാരമുണ്ടെന്നു സിഐ പറഞ്ഞു. സമരക്കാര്‍ വഴങ്ങാതിരുന്നതോടെ സിഐ മുരളീകൃഷ്ണന്‍ ജീപ്പില്‍നിന്ന് ടയര്‍ മാറുന്ന ഉപകരണം എടുത്തുകൊണ്ടുവന്ന് ഗേറ്റിന്റെ പൂട്ട് പൊളിക്കുകയായിരുന്നു.

അരുവിക്കര ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സമാനമായി ഗേറ്റ് പൂട്ടിയിട്ടിരുന്നു. 10 അധ്യാപികമാര്‍ ഉള്‍പ്പെടെ 11 പേരെയാണ് പൂട്ടിയിട്ടത്. സമരാനുകൂലികള്‍ ഇവരെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന് പരാതിയുണ്ട്. എല്‍പി സ്‌കൂളില്‍ സിഐ ഗേറ്റ് പൊളിച്ചതിനെ തുടര്‍ന്ന് വൈകിട്ട് നാലരയ്ക്കു ശേഷം സമരാനുകൂലികള്‍ തന്നെ എത്തി ഗേറ്റ് തുറന്നു കൊടുക്കുകയായിരുന്നു.  ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന് മര്‍ദ്ദനമേറ്റിരുന്നു. ഇവിടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പകുതി ജീവനക്കാര്‍ ജോലിക്കു ഹാജരായി. ആറ്റിങ്ങല്‍ താലൂക്ക് ഓഫിസില്‍ ജോലിക്കെത്തിയ ജീവനക്കാരെ കൈയ്യേറ്റം ചെയ്യാന്‍ സമരക്കാര്‍ ശ്രമിച്ചിരുന്നു. എന്‍ജിഒ അസോസിയേഷന്‍ അംഗമായ ജീവനക്കാരനാണ് ജോലിക്കെത്തിയത്. സമരക്കാരും മറ്റു ജീവനക്കാരും തമ്മില്‍ ഓഫിസില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസ് ഇടപെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe