440ൽ വെളിച്ചെണ്ണ വില; ‘തണുപ്പിക്കാൻ’ കേരഫെഡ്: ബിപിഎൽ കാർഡുകാർക്ക് ഓണക്കാലത്ത് സബ്സിഡി

news image
Jul 9, 2025, 2:41 pm GMT+0000 payyolionline.in

കണ്ണൂർ: സാധാരണക്കാരെ പൊരിക്കുന്ന വെളിച്ചെന്ന വില തണുപ്പിക്കാൻ നീക്കവുമായി കേരഫെഡ്. ഓണക്കാലത്ത് ബിപിഎൽ കാർഡുകാർക്ക് സബ്സിഡി നിരക്കിൽ വെളിച്ചെണ്ണ നൽകുമെന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി. ഇതിനായുള്ള നിർദേശം സർക്കാരിനു നൽകിയിട്ടുണ്ടെന്നും ഉടൻ അനുമതിയാകുമെന്നും അദ്ദേഹം പറഞ്ഞു. സബ്സിഡി നിരക്ക് പിന്നീട് നിർണയിക്കും. കർഷകരിൽനിന്നു നേരിട്ടുള്ള പച്ചത്തേങ്ങ സംഭരണം കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലും തുടങ്ങും. തൃശൂരിൽ സഹകരണ സ്ഥാപനങ്ങളുമായി സഹകരിച്ചും മറ്റിടങ്ങളിൽ ഇസാഫുമായി സഹകരിച്ചുമാണു സംഭരണകേന്ദ്രം തുടങ്ങുക.

വിപണി വിലയേക്കാൾ കിലോഗ്രാമിന് ഒരു രൂപ അധികം നൽകിയാണ് കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുക. ഓണവിപണയിലേക്ക് ആവശ്യമായ വെളിച്ചെണ്ണ ലഭ്യത ഉറപ്പുവരുത്താൻ 4.5 ലക്ഷം കിലോഗ്രാം കൊപ്രയ്ക്ക് ഓർഡർ നൽകിയിട്ടുണ്ട്. കേരഫെഡിന്റെ പ്ലാന്റിൽ നിത്യേന 80,000 കിലോഗ്രാം കൊപ്രയെത്തുന്നുണ്ട്. ആവശ്യത്തിനു കൊപ്ര ലഭിക്കാത്തതു കൊണ്ടാണു പച്ചത്തേങ്ങ സംഭരണം തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 75 രൂപ വില നൽകി കേരഫെഡ് കണ്ണൂരിൽ സംഭരണം തുടങ്ങിയിരുന്നു. വിപണി വിലയെക്കാൾ ഒരു രൂപ അധികം നൽകി കേരഫെഡ് കർഷകരിൽനിന്നു പച്ചത്തേങ്ങ സംഭരണം തുടങ്ങിയപ്പോൾ തേങ്ങ വില റെക്കോഡിലെത്തി. ചെറുപുഴയിൽ പ്രവർത്തനം ആരംഭിച്ച കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണകേന്ദ്രത്തിലാണ് കർഷകന് 75 രൂപ നൽകിയത്. വെളിച്ചെണ്ണ ഉൽപാദനത്തിനുള്ള പച്ചത്തേങ്ങ ലഭിക്കാനുള്ള പ്രതിസന്ധി മറികടക്കാനാണ് കേരഫെഡ് വിപണി വിലയേക്കാൾ കൂടുതൽ വില നൽകി പച്ചത്തേങ്ങ സംഭരിക്കുന്നത്. സാധാരണ സംഭരണരീതി ഉപേക്ഷിച്ച്, സംഭരണ ദിവസം തന്നെ കർഷകർക്ക് വില ലഭ്യമാക്കുന്നതിനു നടപടി സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. അതേസമയം ഒരു ലീറ്റർ വെളിച്ചെണ്ണയുടെ വില 440 രൂപയിലെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe