ന്യൂഡൽഹി: മൺസൂണിന്റെ വടക്കൻ ദിശയിലേക്കുള്ള മാറ്റത്തെ തുടർന്ന് ഡൽഹിയുടെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുകയാണ്. ബുധനാഴ്ച വൈകിട്ടോടെയുണ്ടായ മഴയിൽ ഡൽഹിയിലെ റോഡുകളിലും മെട്രോസ്റ്റേഷനുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. തെരുവുകൾ വെള്ളക്കെട്ടിൽ മുങ്ങിയതോടെ തിരക്കേറിയ റോഡുകളിൽ യാത്രക്കാര് കുടുങ്ങി. വിമാന ഷെഡ്യൂളുകളിൽ സാരമായ തടസം നേരിട്ടു.
മഴയെത്തിയതോടെ ഡൽഹിയിലെ കടുത്ത വേനൽച്ചൂടിന് നേരിയ ആശ്വാസമായി. ശക്തമായ മഴയിൽ അഴുക്കുചാലുകളും കനാലുകളും കവിഞ്ഞ് ഒഴുകിയതോടെ പലയിടങ്ങളിലും യാത്രാ തടസം നേരിട്ടു. ഐടിഒ, ലോധിറോഡ്, ബി ഡി മാർഗ്, ജിആർജി റോഡ് എന്നിവിടങ്ങളിൽ വെള്ളപ്പൊക്കത്തെതുടർന്ന് ഗതാഗതം തടസപ്പെട്ടു. ഗതാഗതം നിയന്ത്രിക്കുന്നതിനും പമ്പുകൾ ഉപയോഗിച്ച് തെരുവുകളിൽ നിന്ന് വെള്ളം നീക്കം ചെയ്യുന്നതിനും ശ്രമം തുടരുകയാണ്.
വിമാനത്താവള പ്രവർത്തനങ്ങൾ സാധാരണ നിലയിലാണെന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എന്നിരുന്നാലും യാത്രക്കാർ വിമാനത്താവളത്തിലെത്താനും റോഡിലെ കാലതാമസം ഒഴിവാക്കാനും ഡൽഹി മെട്രോ ഉൾപ്പെടെയുള്ള ഇതര ഗതാഗത മാർഗങ്ങൾ ഉപയോഗിക്കണമെന്നും വിമാനത്താവളം പ്രസിതാവനയിൽ നിർദേശിച്ചു.
മോശം കാലാവസ്ഥയെ തുടർന്ന് ബുധൻ വൈകുന്നേരം ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ലഖ്നൗവിലേക്കുള്ള രണ്ടും ജയ്പൂരിലേക്കുള്ള നാലും വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. 300 വിമാന സർവീസുകളിൽ 24 വിമാനങ്ങൾ ശരാശരി 38 മിനിറ്റ് വൈകിയതായി ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റായ ഫ്ലൈറ്റ്റാഡാർ റെക്കോർഡ് ചെയ്തു.
വ്യാഴാഴ്ച ഡൽഹി നഗരത്തിൽ കൂടുതൽ മഴ പെയ്യുമെന്നും വെള്ളിയാഴ്ച മുതൽ മഴ കുറയുമെന്നും ഐഎംഡി അറിയിച്ചു. ഡൽഹിയിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബുധനാഴ്ച കൂടിയ താപനില 35.6 ഡിഗ്രി സെൽഷ്യസായിരുന്നു. മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ തുടരുകയാണ്. പ്രളയത്തിലും ഉരുൾപൊട്ടലിലും 80 പേർ മരിച്ച ഹിമാചൽപ്രദേശിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരുന്നു.