കൂരാച്ചുണ്ട്: കക്കയം മുപ്പതാം മൈലിൽ പുഴയിൽ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ടു കാണാതായി. പനങ്ങാട് സർവിസ് സഹകരണ ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രം ജീവനക്കാരൻ കിനാലൂർ പൂളക്കണ്ടി സ്വദേശി കളരിപൊയിൽ വീട്ടിൽ അശ്വിൻ മോഹനെയാണ് (30) കാണാതായത്. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടയിൽ ഒഴുക്കിൽ പെടുകയായിരുന്നു. കൂടെയുള്ളവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും പുഴയിൽ ശക്തമായ ഒഴുക്കിനെ തുടർന്ന് രക്ഷപ്പെടുത്താനായില്ല. ജില്ലയിലെ ഫയർഫോഴ്സുകളുടെ വിവിധ യൂനിറ്റുകളിൽ നിന്നുള്ള സ്കൂബ ടീമും, കൂരാച്ചുണ്ട് പൊലീസും നാട്ടുകാരുടെ സഹായത്തോടെ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചിൽ നടത്തിയിരുന്നുവെങ്കിലും ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെ പ്രതികൂല കാലാവസ്ഥയെ തുടർന്ന് തിരച്ചിൽ അവസാനിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. അമ്മദ്, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡാർളി പുല്ലംകുന്നേൽ, ജെസി ജോസഫ് കരിമ്പനക്കൽ, പനങ്ങാട് ഗ്രാമപഞ്ചായത്തംഗം റിജു പ്രസാദ്, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തംഗം വി.കെ. ഹസീന, ഡി.സി.സി സെക്രട്ടറി നിജേഷ് അരവിന്ദ്, സി.പി.എം ജില്ലാ കമ്മിറ്റിയംഗം ഇസ്മായിൽ കുറുമ്പൊയിൽ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.