ആകാശത്ത് ഒരു അപൂർവ പ്രതിഭാസം 2027 ഓഗസ്റ്റ് 2ന് അരങ്ങേറും. ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ പൂർണ സൂര്യഗ്രഹണം ഏകദേശം ആറ് മിനിറ്റോളം നീണ്ടുനിൽക്കും. യൂറോപ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ഈ ഗ്രഹണപാത മൊറോക്കോ, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ പൂർണ ഇരുട്ട് പരത്തും. എന്നാൽ, ഇന്ത്യക്ക് ഈ പൂർണ ഗ്രഹണം ദൃശ്യമാകില്ലെങ്കിലും, ഭാഗിക സൂര്യഗ്രഹണത്തിന് സാക്ഷ്യം വഹിക്കാൻ നമുക്ക് സാധിക്കും.
പകലിനെ രാത്രിയാക്കി മാറ്റുന്ന ഒരു പൂർണ സൂര്യഗ്രഹണത്തിന് ഒരു പ്രത്യേകതയുണ്ട്, പ്രത്യേകിച്ച് ലോകത്തെ നിമിഷങ്ങളോളം നിശ്ചലമാക്കുന്ന ആ ഒരവസ്ഥയ്ക്ക്. ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ കാഴ്ചയിൽ, ചന്ദ്രൻ സൂര്യനെ പൂർണ്ണമായും മറയ്ക്കുമ്പോൾ പക്ഷികൾ നിശബ്ദമാകുന്നു, വായു തണുക്കുന്നു, ആകാശം സന്ധ്യാസമയത്തേത് പോലെ ഇരുണ്ട് വരുന്നു. സൂര്യന്റെ പ്രകാശമുള്ള കൊറോണ ഒരു നേർത്ത പ്രകാശവലയം പോലെ കാണപ്പെടുന്നു, സാധാരണ നിലയിൽ അദൃശ്യമായ ബാഹ്യ അന്തരീക്ഷം ഒരു പ്രകാശ വലയമായി മാറുന്നു.
എപ്പോഴാണ് പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നത്?
ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ നേരിട്ട് കടന്നുപോകുമ്പോൾ, അത് സൂര്യന്റെ ഉപരിതലത്തിൽ ഒരു നിഴൽ വീഴ്ത്തുന്നു. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ സൂര്യനെ ചന്ദ്രൻ പൂർണ്ണമായി മറച്ചതായി തോന്നുന്നു. ഈ ആകാശഗോളങ്ങളുടെ നൃത്തമാണ് പൂർണ്ണ സൂര്യഗ്രഹണത്തിലേക്ക് നയിക്കുന്നത്.
എപ്പോഴാണ് ഈ ഗ്രഹണം നടക്കുന്നത്?
2027 ഓഗസ്റ്റ് 2-ന് ലോകം അത്തരമൊരു അസാധാരണ സംഭവത്തിന് സാക്ഷ്യം വഹിക്കും. ഇത് ഒരു സാധാരണ ഗ്രഹണമല്ല; “ഗ്രേറ്റ് നോർത്ത് ആഫ്രിക്കൻ എക്ലിപ്സ്” എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഏകദേശം ആറ് മിനിറ്റോളം ഇത് നീണ്ടുനിൽക്കുമെന്നതിനാൽ, ആധുനിക കാലത്തെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണങ്ങളിൽ ഒന്നായി ഇത് മാറും. ദശലക്ഷക്കണക്കിന് ആളുകൾ ചന്ദ്രന്റെ നിഴലിന് കീഴിലായിരിക്കും, പകൽ സമയത്ത് പൂർണ ഇരുട്ട് അനുഭവിക്കും.
എന്തുകൊണ്ട് ഈ ഗ്രഹണം ഇത്രയേറെ ശ്രദ്ധേയമാകുന്നു?
ഈ ഗ്രഹണം പ്രത്യേകമാകുന്നത് ഇതിന്റെ അപൂർവമായ ബഹിരാകാശ വിന്യാസം കാരണമാണ്. ഭൂമി അഫീലിയനിൽ, അതായത് സൂര്യനിൽ നിന്ന് ഏറ്റവും അകന്ന സ്ഥാനത്തായിരിക്കും, ഇത് സൂര്യനെ ആകാശത്ത് അല്പം ചെറുതായി കാണാൻ ഇടയാക്കും. അതേസമയം, ചന്ദ്രൻ പെരിജീയിൽ, അതായത് ഭൂമിയോട് ഏറ്റവും അടുത്ത സ്ഥാനത്തായിരിക്കും, ഇത് അതിനെ വലുതായി കാണാൻ ഇടയാക്കും. ഈ സംയോജനം സൂര്യനെ സാധാരണയേക്കാൾ കൂടുതൽ നേരം ചന്ദ്രന് മറയ്ക്കാൻ അനുവദിക്കുന്നു.
2025 ഓഗസ്റ്റ് 2-ന് സൂര്യഗ്രഹണം ഉണ്ടോ?
സമീപ വർഷങ്ങളിൽ ജ്യോതിശാസ്ത്രപരമായ സംഭവങ്ങളിൽ പൊതുജനങ്ങളുടെ ആകാംഷ വർധിച്ചതോടെ, ആഗസ്റ്റ് 2, 2025-ൽ സൂര്യഗ്രഹണം ഉണ്ടോ എന്ന ചോദ്യം സോഷ്യൽ മീഡിയയിലും ആകാശ നിരീക്ഷകർക്കിടയിലും സജീവ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്. 2027 ഓഗസ്റ്റ് 2-ന് നടക്കാനിരിക്കുന്ന വലിയ സൂര്യഗ്രഹണത്തിനായുള്ള ആഗോള താൽപ്പര്യം ഇതിന് പിന്നിലുണ്ട്. എന്നിരുന്നാലും, 2025-നെ സംബന്ധിച്ചിടത്തോളം, ആഗസ്റ്റ് 2-ന് സൂര്യഗ്രഹണം ഉണ്ടാകില്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ ആശയക്കുഴപ്പം തെറ്റിദ്ധരിക്കപ്പെട്ട ജ്യോതിശാസ്ത്ര കലണ്ടറുകളിൽ നിന്നോ, തെറ്റായി ലേബൽ ചെയ്ത ഓൺലൈൻ ഇൻഫോഗ്രാഫിക്സിൽ നിന്നോ, അല്ലെങ്കിൽ വർഷം തെറ്റിപ്പോയ ചില തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നോ ആകാം. 2025 ഓഗസ്റ്റ് 2-ന് ഭൂമിയിൽ നിന്ന് ദൃശ്യമാകുന്ന ഒരു സൂര്യഗ്രഹണവും ഇല്ലെന്ന് ബഹിരാകാശ ഏജൻസികൾ ഉൾപ്പെടെയുള്ള ജ്യോതിശാസ്ത്രജ്ഞർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഏത് നഗരങ്ങൾക്ക് ഇത് കാണാൻ കഴിയും?
ഈ ഗ്രഹണം യൂറോപ്പ്, ആഫ്രിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലൂടെ കടന്നുപോകും, ഏകദേശം ആറ് മിനിറ്റോളം പല നഗരങ്ങളെയും പൂർണ്ണ ഇരുട്ടിലാഴ്ത്തും. സ്പെയ്സ് അനുസരിച്ച്, 2114 വരെ ഭൂമിയുടെ കരപ്രദേശത്ത് നിന്നും ദൃശ്യമാകുന്ന ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണമായിരിക്കും ഇത്.
പൂർണ ഗ്രഹണത്തിന്റെ പാത അറ്റ്ലാന്റിക് സമുദ്രത്തിൽ ആരംഭിച്ച് തെക്കൻ സ്പെയിനിലൂടെയും ജിബ്രാൾട്ടറിലൂടെയും കടന്നുപോകും. തുടർന്ന് വടക്കൻ ആഫ്രിക്കയിലേക്ക് നീങ്ങും, മൊറോക്കോ, അൾജീരിയ, ടുണീഷ്യ, ലിബിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ കടന്നുപോകും. അവിടെ നിന്ന് ചെങ്കടലിലൂടെ കടന്ന് സൗദി അറേബ്യ, യെമൻ, സൊമാലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കും. ഈജിപ്തിലെ ലക്സറിൽ ആറ് മിനിറ്റിലധികം പൂർണ ഇരുട്ട് അനുഭവപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകുമോ?
നിർഭാഗ്യവശാൽ, ഇന്ത്യ പൂർണ ഗ്രഹണത്തിന്റെ പാതയിൽ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും, ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, തിരുവനന്തപുരം ഉൾപ്പെടെ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും ഭാഗിക സൂര്യഗ്രഹണം ദൃശ്യമാകും. ഇന്ത്യയിൽ ഏകദേശം വൈകുന്നേരം 3:34 പിഎം(ഐഎസ്ടി) മുതൽ 5:53 പിഎം(ഐഎസ്ടി) വരെയാണ് ഭാഗിക ഗ്രഹണം പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ, സൂര്യാസ്തമയം വരെ ഭാഗിക ഘട്ടം നീണ്ടുനിൽക്കും.
സുരക്ഷിതമായ കാഴ്ച ഇങ്ങനെ:
സൂര്യഗ്രഹണം നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുന്നത് കണ്ണിന് ഗുരുതരമായ കേടുപാടുകൾ വരുത്തും. അതിനാൽ, ഗ്രഹണം കാണുമ്പോൾ എപ്പോഴും ഐഎസ്ഒ സർട്ടിഫിക്കേഷനുള്ള സോളാർ ഫിൽട്ടർ കണ്ണടകൾ ഉപയോഗിക്കുക. പിൻഹോൾ പ്രൊജക്ടറുകൾ പോലുള്ള പരോക്ഷ കാഴ്ചാരീതികളും സുരക്ഷിതമാണ്. സാധാരണ സൺഗ്ലാസുകളോ മറ്റ് ഫിൽട്ടറുകളോ ഒരു കാരണവശാലും ഉപയോഗിക്കരുത്. ടെലിസ്കോപ്പോ ബൈനോക്കുലറുകളോ ഉപയോഗിക്കുകയാണെങ്കിൽ അവയ്ക്ക് മുന്നിൽ പ്രത്യേകം സോളാർ ഫിൽട്ടറുകൾ ഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്.