ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക്

news image
Jul 25, 2025, 3:59 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ജയിലിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് രക്ഷപ്പെട്ട കൊടും കുറ്റവാളി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റുക. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുന്നതെന്നാണ് വിവരം. ഷൊർണൂരിൽ യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാത്സംഗം ചെയ്ത് കൊന്ന ഗോവിന്ദച്ചാമി കണ്ണൂർ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയായിരുന്നു.

അത്യന്തം നാടകീയമായ രംഗങ്ങളാണ് കണ്ണൂരിൽ ഇന്ന് അരങ്ങേറിയത്. മാസങ്ങൾ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂർച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയിൽ വർക്ക്ഷോപ്പിൽ നിന്നാണ് ആയുധമെടുത്തതെന്ന് മൊഴി. മുറിച്ച പാടുകൾ തുണികൊണ്ട് കെട്ടി മറച്ചു. മതിൽ ചാടാൻ പാൽപ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്‍കി. ജയിലിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തൽ. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയിൽ നാല് ഉദ്യോഗസ്ഥരെ സസ്‌പെൻ്റ് ചെയ്തു.

സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റർ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യൻ കൊലയാളി രക്ഷപ്പെട്ടിട്ടും അധികൃതർ അറിഞ്ഞത് മണിക്കൂറുകൾ വൈകിയാണ്. രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്ന് ഗാർഡ് ഓഫീസർക്ക് റിപ്പോർട്ട് നൽകിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയിൽ ചാടി എന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയത് അറിഞ്ഞത്. ഗോവിന്ദചാമിയുടെ ജയിൽ ചാട്ടം ജയിലെധികൃതർക്ക് അടിമുടിവീഴ്ചയാണുള്ളത്. കൊടുംക്രിമിനലിന് താടിനീട്ടിവളർത്താനും അനുമതി നൽകി. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നാണ്ചട്ടം. ഗോവിന്ദചാമി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കിയില്ല. മോഷണം നടത്തി തമിഴ്നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു പദ്ധതി. കമ്പി മുറിക്കാൻ ആയുധമെടുത്തത് ജയിൽ വർക്ക്ഷോപ്പിൽ നിന്നെന്നാണ് ഗോവിന്ദച്ചാമിയുടെ മൊഴി. ഒരു മാസമായി ഫെൻസിംഗ് വഴി വൈദ്യുതി കടത്തി വിടുന്നില്ലെന്നാണ് ജയിൽവകുപ്പിന്‍റെ വിശദീകരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe