സ്റ്റോപ്പില്‍ നിര്‍ത്തില്ല, റൂട്ട് കൈയേറ്റം, സ്വകാര്യ ബസിനെതിരേ നോൺ സ്റ്റോപ്പ് പരാതി; MVD നടപടി

news image
Jul 27, 2025, 1:21 pm GMT+0000 payyolionline.in

ആലപ്പുഴ: സ്വകാര്യ ബസുകള്‍ക്കെതിരേ കൂടുതല്‍ പരാതികളുയരുന്ന പശ്ചാത്തലത്തില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കെഎസ്ആര്‍ടിസിയുടെയും രണ്ടു സ്ത്രീകളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച മൂന്നു സ്വകാര്യ ബസുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബസ് ജീവനക്കാരുടെ വിശദീകരണം കേട്ടശേഷം നടപടി സ്വീകരിക്കുമെന്ന് ആര്‍ടിഒ സജി പ്രസാദ് പറഞ്ഞു.

 

സ്റ്റോപ്പില്‍ നിര്‍ത്തിയില്ലെന്നാരോപിച്ചാണ് രണ്ടു സ്ത്രീകള്‍ മോട്ടോര്‍ വാഹനവകുപ്പിനെ സമീപിച്ചത്. തങ്ങളുടെ റൂട്ടില്‍ സ്വകാര്യ ബസ് ഓടുന്നത് സംബന്ധിച്ച് കെഎസ്ആര്‍ടിസി അധികൃതരാണ് പരാതി നല്‍കിയത്. ഇക്കാര്യത്തിലും നടപടിയുണ്ടാകും.

സ്വകാര്യ ബസുകളില്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. നഗരത്തില്‍ സ്വകാര്യ ബസ് കയറി വിമുക്തഭടന്‍ മരിക്കുകയും കോളേജ് വിദ്യാര്‍ഥിനി വീണ് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു തീരുമാനം.

സ്‌കൂള്‍ തുറന്നപ്പോള്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും പരിശീലനം നല്‍കിയിരുന്നു. എന്നാല്‍, സ്വകാര്യ ബസുകളില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. സ്വകാര്യ ബസിടിച്ച് വിമുക്തഭടന്‍ മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് അഞ്ചു ദിവസത്തെ നിര്‍ബന്ധ ബോധവത്കരണം നല്‍കാന്‍ തീരുമാനിച്ചു.

കളമശ്ശേരിയിലെ പ്രത്യേക കേന്ദ്രത്തില്‍ ഇവര്‍ റോഡു സുരക്ഷയെ സംബന്ധിച്ച പ്രത്യേക ക്ലാസില്‍ ഹാജരാണം. ഇതിനു ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍ടിഒ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe