റവ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കി മടുത്തോ? എന്നാൽ ഈ പലഹാരങ്ങൾ ട്രൈ ചെയ്തുനോക്കൂ

news image
Aug 1, 2025, 4:53 pm GMT+0000 payyolionline.in

റവ ഉപ്പുമാവ് നമ്മുടെ സ്ഥിരം ഭക്ഷണ വിഭവമാണ്. എളുപ്പത്തിൽ എന്തുണ്ടാക്കും എന്ന് ചിന്തിച്ചാൽ മിക്കവാറും നമ്മൾ റവ ഉപ്പുമാവ് ഉണ്ടാക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാനാകുന്ന ഭക്ഷണമാണിത്. എന്നാൽ സ്ഥിരം ഉപ്പുമാവ് ആകുമ്പോൾ എല്ലാർക്കും അത്ര ഇഷ്ടപ്പെടാറില്ല. എന്നാൽ ഇനി റവ കൊണ്ട് ഉപ്പുമാവ് ഉണ്ടാക്കുന്നതൊന്ന് മാറ്റിപിടിച്ചാലോ. റവ ഉപയോഗിച്ച് സ്വാദിഷ്ടമായ പല പലഹാരങ്ങളും ഉണ്ടാക്കാൻ സാധിക്കും. ഒരേ സമയം രുചികരവും ഹെൽത്തിയുമാണ് ഇത്തരം വിഭവങ്ങൾ. റവ ഉപയോഗിച്ച് എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ചില പലഹാരങ്ങള്‍ നമുക്ക് പരിചയപ്പെടാം.

നമ്മുടെ വീടുകളിൽ സ്ഥിരം ഉണ്ടാകുന്ന പ്രഭാത ഭക്ഷണമാണ് ദോശ. അരികൊണ്ടും ഗോതമ്പ് കൊണ്ടും മറ്റുമൊക്കെ നമ്മൾ ദോശ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇനി റവ കൊണ്ട് ദോശ ഉണ്ടാക്കി നോക്കൂ. മികച്ച പ്രഭാത ഭക്ഷണമാണ് റവ ദോശ.
റവ അല്‍പം തൈരും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് മാവ് തയ്യാറാക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് അല്പം സമയം റസ്റ്റ് ചെയ്യാൻ വയ്ക്കുക. ശേഷം ദോശക്കല്ല് അടുപ്പിൽ വച്ച്ചൂടാക്കി അതിലേക്ക് എണ്ണ തടവി ദോശ ചുട്ടെടുക്കുക. ഈ രുചികരമായ റവ ദോശ നിങ്ങൾക്കിഷ്ടമാകും.

മറ്റൊരു പ്രധാനപ്പെട്ട പ്രഭാത ഭക്ഷണ വിഭവമാണ് ഇഡലി. അരി ഉപയോഗിച്ചാണ് അധികവും നമ്മുടെ വീടുകളിൽ ഇഡലി ഉണ്ടാക്കുന്നത്. എന്നാൽ ഇഡലിയും റവ വച്ച് ഉണ്ടാക്കാം. അതിനായി റവ അല്‍പം ബേക്കിങ് സോഡയോ, അല്ലെങ്കില്‍ യീസ്‌റ്റോ ചേര്‍ത്ത് വെള്ളത്തില്‍ മാവ് തയ്യാറാക്കുക. അതിനുശേഷം സാധാരണ അരിമാവ് ഉപയോഗിച്ച് ഇഡലി ഉണ്ടാക്കുന്ന പോലെ ഇഡലിത്തട്ടിൽ റവ ഇഡലി ആവികയറ്റി തയ്യാറാക്കി എടുക്കുക.റവ ഉപയോഗിച്ച് കിടിലൻ ഊത്തപ്പവും നമുക്ക് തയ്യാറാക്കിയെടുക്കാം. നമ്മുടെ വീടുകളിൽ അധികം ഉണ്ടാകാറുള്ള വിഭവമല്ലെങ്കിലും കടകളിലും മറ്റുമായി സുലഭമായി ലഭിക്കുന്നതിനാല്‍ നമുക്ക് ഏറെ സുപരിചിതമാണ് ഊത്തപ്പം. റവ കൊണ്ട് ഊത്തപ്പം ഉണ്ടാക്കിയെടുക്കാനായി റവയും അരിയും ഉഴുന്നും ചേര്‍ത്ത് അരച്ച് ഊത്തപ്പത്തിന്റെ മാവ് ഉണ്ടാക്കുക. ശേഷം നന്നായി ചൂടായ ദോശക്കല്ലില്‍ ദോശയെക്കാള്‍ കനത്തില്‍ ഊത്തപ്പം ചുടുക. അതിന് മുകളിലായി ചെറുതായി അരിഞ്ഞ ഉള്ളി, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ഇടുക. സ്വാദിഷ്ടമായ റവ ഊത്തപ്പം തയ്യാർ.
ഇനി റവ വാങ്ങുമ്പോൾ ഈ പലഹാരങ്ങൾ കൂടി ഒന്ന് ട്രൈ ചെയ്ത് നോക്കൂ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe