സ്വകാര്യ ബസുകളുടെ അമിതവേഗവും അപകടവും സംബന്ധിച്ച വാര്‍ത്തകളില്ലാത്ത ഒരു ദിവസം പോലുമില്ല. ബസുകളുടെ അമിതവേഗത്തെ മാസ് ഡ്രൈവിങ് ആയി ചിത്രീകരിച്ച് റീല്‍സുകളായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന നിരവധി പ്രൈവറ്റ് ബസ് ആരാധകരുമുണ്ട്. എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള ഒരു പ്രൈവറ്റ് ബസ് ഡ്രൈവറുടെ അഭ്യാസം കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ വീഡിയോ തന്നെ ബസ് ഡ്രൈവര്‍ക്ക് വിനയായിരിക്കുകയാണ്.
തൃശ്ശൂരിലാണ് പോലീസ് നടപടിക്ക് ആസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. വലിയ ഗതാഗത കുരുക്ക് വകവയ്ക്കാതെ എതിര്‍ദിശയിലൂടെ ബസുമായി അമിതവേഗത്തില്‍ പോകുന്നതാണ് വീഡിയോയിലുള്ളത്. കൊച്ചിരാജാവ് എന്ന സിനിമയിലെ രാജാവിനെന്ത് ക്യൂ എന്ന ഡയലോഗാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്നത്. റീല്‍സിലൂടെ ബസ് ഡ്രൈവറിന് കിട്ടിയ പണി റീല്‍സിലൂടെ തന്നെയാണ് പോലീസ് ജനങ്ങളെ അറിയിച്ചിരിക്കുന്നത്.
തൃശ്ശൂര്‍-കുന്ദംകുളം-ഗുരുവായൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന പിആര്‍ഒ എന്ന ബസിനെതിരേയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ബസ് സ്റ്റാന്റില്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ ബസുമായി തൃശ്ശൂര്‍ സിറ്റി പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവിടെ എത്തിയ ശേഷം ഡ്രൈവറിന് പിഴ എഴുതി നല്‍കുന്നതിന്റെ ദൃശ്യവും പോലീസ് പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍, എത്ര രൂപയാണ് പിഴയിട്ടതെന്ന് വ്യക്തമല്ല.
എന്നാല്‍, പോലീസ് നടപടിയെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് തൃശ്ശൂര്‍ സിറ്റി പോലീസിന്റെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുള്ള ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ഈ വീഡിയോ എടുക്കുന്നത് ഒരു ബസില്‍ ഇരുന്നാണെന്നും മറ്റ് രണ്ട് ബസുകളെ മറികടന്നാണ് ഇപ്പോള്‍ നടപടി എടുത്തിട്ടുള്ള ബസ് പോകുന്നതെന്നും നാല് ബസുകള്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും ആവശ്യം കമന്റുകളില്‍ കാണാം. പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന ബസ് ആരാധകരുടെ കമന്റുകളും ഇതിലുണ്ട്.