കൊച്ചി: റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നോട്ട് കുതിക്കുന്നതിനിടെ നെഞ്ചിടിപ്പിൽ വിവാഹ പാർട്ടികൾ. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ വാങ്ങണമെങ്കിൽ നികുതിയടക്കം 81,500 രൂപ നൽകേണ്ടിവരും. ഓണവും വിവാഹസീസണും എത്തിയതോടെ സ്വർണവില വർധന ഉപഭോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച് 9,400 രൂപയും പവന് 160 രൂപ വർധിച്ച് 75,200 രൂപയുമായി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിലയാണിത്. 24 കാരറ്റ് സ്വർണം ഒരു കിലോഗ്രാമിന് ബാങ്ക് നിരക്ക് 1.01 കോടി രൂപയോളമെത്തി. അന്താരാഷ്ട്ര സ്വർണവില 3378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70ലും ആണ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ താരിഫ് വർധനയാണ് വില കൂടാനുള്ള പ്രധാന കാരണം.
ജൂൺ 14ന് ഒരു ഔൺസ് സ്വർണത്തിന് 3500 ഡോളർ അന്താരാഷ്ട്ര വില വന്നപ്പോഴായിരുന്നു ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയത്. അന്ന് രൂപയുടെ വിനിമയ നിരക്ക് 84ൽ ആയിരുന്നു. ഇപ്പോൾ 3378 ഡോളർ അന്താരാഷ്ട്ര വിലയായതോടെ രൂപയുടെ വിനിമയ നിരക്ക് 87.70 വന്നതാണ് സ്വർണവിലയിൽ വലിയ മാറ്റമുണ്ടാക്കിയത്.
അതിനിടെ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഒമ്പത് കാരറ്റ് സ്വർണാഭരണങ്ങൾക്ക് ഹാൾമാർക്കിങ് നിർബന്ധമാക്കി. നിയമം ഭേദഗതി വരുത്തിയതായി ഇന്ത്യയിലെ സ്വർണ്ണാഭരണ അസോസിയേഷനുകളുടെ യോഗത്തില് ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചിത്രഗുപ്ത അറിയിച്ചു. ഇതോടെ ഏഴ് തരം കാരറ്റുകളിൽ ഉള്ള സ്വർണാഭരണങ്ങൾ ഹാൾമാർക്കിങ് ചെയ്യുന്നതിന് അനുമതിയായി.
സ്വർണ്ണ നാണയങ്ങൾ, ബുള്ളിയനുകൾ എന്നിവ ഹാൾമാർക്ക് ചെയ്യാനുള്ള അവകാശം റിഫൈനറികൾക്ക് മാത്രമായി നൽകിയത് അംഗീകരിക്കാൻ ആവില്ലെന്ന് യോഗത്തിൽ പങ്കെടുത്ത വ്യാപാര അസോസിയേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. സ്വർണാഭരണങ്ങൾ ഹാൾമാർക്ക് ചെയ്യുമ്പോൾ തൂക്കം, ഫോട്ടോ ഉൾപ്പെടുത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. വെള്ളി ആഭരണങ്ങളിൽ ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബർ ഒന്നു മുതൽ വെള്ളിയാഭരണങ്ങൾക്ക് ഹാൾമാർക്ക് മുദ്ര പതിച്ചു നൽകുന്നതാണ്.
സ്വർണാഭരണങ്ങളുടെ പരിശുദ്ധിയുമായി ബന്ധപ്പെട്ട് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് നിയമങ്ങൾ ഏറ്റവുമാദ്യം നടപ്പാക്കുന്നത് കേരളത്തിലാണെന്നും, കേരളം മാത്രമാണ് സമ്പൂർണ്ണ ഹാൾ മാർക്കിങ് സംസ്ഥാനമായതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ യോഗത്തിൽ പറഞ്ഞു. ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ചിത്രഗുപ്ത കേരളത്തെ പ്രത്യേകം അഭിനന്ദിച്ചു.