ട്രംപിന്റെ പണി ‘മുട്ടയില്‍’ ! നാമക്കല്ലില്‍ കെട്ടിക്കിടക്കുന്നത് 1.2 കോടിയിലധികം മുട്ട; കേരളത്തില്‍ വില കുറഞ്ഞേക്കും

news image
Aug 11, 2025, 7:35 am GMT+0000 payyolionline.in

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആദ്യ തിരിച്ചടി ഇന്ത്യയിലെ മുട്ട കയറ്റുമതിക്ക്. തീരുവ വര്‍ധിച്ചതുമൂലം കയറ്റുമതി നടത്താനാകാതെ 1.2 കോടി മുട്ടകളാണ് കെട്ടിക്കിടക്കുന്നത്. കൂടുതല്‍ കാലം സൂക്ഷിച്ചു വയ്ക്കാന്‍ സാധിക്കില്ലെന്നതിനാല്‍ കുറഞ്ഞ വിലയില്‍ ആഭ്യന്തര വിപണിയില്‍ ഇവ വിറ്റഴിക്കേണ്ട അവസ്ഥയാണ്.

തമിഴ്‌നാട്ടിലെ നാമക്കല്‍ ആണ് ഇന്ത്യയുടെ മുട്ട തലസ്ഥാനം. യൂറോപ്പില്‍ പക്ഷിപ്പനി വന്നപ്പോള്‍ മുട്ടക്ഷാമം പരിഹരിക്കാന്‍ നാമക്കല്ലില്‍ നിന്നുള്ള മുട്ടയാണ് യു.എസിനെ സഹായിച്ചത്. മുട്ടയ്ക്ക് കൂടുതല്‍ വില കിട്ടുമെന്നതിനാല്‍ യു.എസിലേക്കുള്ള കയറ്റുമതി കര്‍ഷകര്‍ക്കും ഗുണം ചെയ്തിരുന്നു. 4.50 രൂപ വിലയുള്ള മുട്ട യു.എസിലേക്ക് കയറ്റുമതി നടത്തുമ്പോള്‍ 7.50 രൂപ വീതം ലഭിച്ചിരുന്നു.

കൂടുതല്‍ വരുമാനം ലഭിച്ചിരുന്നതിനാല്‍ ഗള്‍ഫ് വിപണിയേക്കാള്‍ യു.എസിലേക്കുള്ള കയറ്റുമതിക്കാണ് വ്യാപാരികളും ഊന്നല്‍ നല്കിയിരുന്നത്. തീരുവ കൂടിയതോടെ മുട്ട വില ഉയരുമെന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള മുട്ടയോട് താല്‍ക്കാലം നോ പറഞ്ഞിരിക്കുകയാണ് യു.എസിലെ ഇറക്കുമതിക്കാര്‍.

20 കോടി രൂപയുടെ മുട്ട കെട്ടിക്കിടക്കുന്നു

നാമക്കല്ലില്‍ നിന്ന് ജൂണ്‍ ആദ്യവാരം യു.എസിലേക്ക് കയറ്റിവിട്ടത് 1.2 കോടി മുട്ടകളാണ്. ഇത് റെക്കോഡാണ്. എന്നാല്‍ ഈ മാസം ഇത്രയധികം മുട്ടകള്‍ കയറ്റിയയ്ക്കാനാകതെ വന്നത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. 20 കോടി രൂപയുടെ മുട്ടയാണ് കെട്ടിക്കിടക്കുന്നത്.

നാമക്കല്ലില്‍ പ്രതിദിനം ഏഴുകോടി മുട്ടകളാണ് ഉത്പാദിക്കുന്നത്. 80 ലക്ഷം മുട്ട വീതം എല്ലാദിവസവും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്നുണ്ട്. കെട്ടിക്കിടക്കുന്ന 1.20 കോടി മുട്ട രാജ്യത്ത് തന്നെ വില്ക്കാനുള്ള തയാറെടുപ്പിലാണ് എഗ് എക്‌സ്‌പോര്‍ട്ട് അസോസിയേഷന്‍. കേരളത്തിലുള്‍പ്പെടെ മുട്ടവില വരുംദിവസങ്ങളില്‍ കുറയുമെന്നാണ് വിവരം.

ഒരു ദിവസം 50 ലക്ഷത്തിലധികം മുട്ട അതിര്‍ത്തി കടന്നു കേരളത്തിലേക്ക് വരുന്നുണ്ട്. സേലം, നാമയ്ക്കല്‍, തിരുപ്പൂര്‍ ജില്ലകളാണ് കേരളത്തിലേക്ക് മുട്ട കയറ്റിയയ്ക്കുന്നതില്‍ മുന്നില്‍. മഹാരാഷ്ട്രയില്‍ നിന്നും മുട്ട വരുന്നുണ്ടെങ്കിലും തമിഴ്‌നാടുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്.

തമിഴ്നാട്ടില്‍ നിന്ന് മുട്ട ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്നത് ഗള്‍ഫ് രാജ്യങ്ങളിലേക്കാണ്. സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, ഒമാന്‍, ബഹ്റൈന്‍, മസ്‌കറ്റ്, ചില ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കും മുട്ട കയറ്റുമതി ചെയ്യുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe