കരിപ്പൂരിൽ വിമാനമിറങ്ങിയ ‘ഗഫൂർക്ക’ ഞെട്ടി; KSRTC ബസിൽ സ്വീകരിക്കാനെത്തി നാട്ടുകാർ; വൻ വരവേൽപ്പ്

news image
Aug 12, 2025, 5:04 pm GMT+0000 payyolionline.in

കോട്ടയ്ക്കല്‍(മലപ്പുറം): കരിപ്പൂരില്‍ വിമാനമിറങ്ങിയ ‘ഗഫൂര്‍ക്ക’യെ നാട്ടുകാര്‍ ശരിക്കും ഞെട്ടിച്ചു! നാടിന്റെ ചങ്കായ അദ്ദേഹത്തെ പൂമാലയും പൂച്ചെണ്ടും നല്‍കി സ്വീകരിച്ച് അവര്‍ ഒരുക്കിയത് ഒരു സര്‍പ്രൈസ് വരവേല്‍പ്പ്! വാടകയ്‌ക്കെടുത്ത കെഎസ്ആര്‍ടിസി ബസ്സില്‍ പ്രിയപ്പെട്ടവരും ബന്ധുക്കളുമടങ്ങിയ വലിയൊരുസംഘം നില്‍പ്പുണ്ടായിരുന്നു. അവര്‍ ആര്‍പ്പുവിളികളോടെ അദ്ദേഹത്തെ ബസ്സില്‍ കയറ്റിയിരുത്തി. പിന്നെ ജന്മനാടായ മാറാക്കരയിലെ മരുതന്‍ചിറയിലേക്ക്. അവിടെയെത്തുമ്പോള്‍ മൈക്ക് അനൗണ്‍സ്മെന്റ് ഉയര്‍ന്നു: ‘മ്മളെ ചങ്ക് ഗഫൂര്‍ക്ക ദാ ഈ വാഹനത്തില്‍…’ അതിനൊപ്പം മാലപ്പടക്കത്തിന് തിരികൊളുത്തി നാടിന്റെ ആഹ്ലാദം.

51 വര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞെത്തിയ 65-കാരനായ ഗഫൂര്‍ തയ്യിലിന് മരുതിന്‍ചിറയിലെ കെകെബി പൗരസമിതിയും വൈഎസ്എസ്സിയും ചേര്‍ന്നാണ് വരവേല്‍പ്പൊരുക്കിയത്. വരവേല്‍പ്പ് വ്യത്യസ്തമാക്കാനാണ് പൊന്നാനി കെഎസ്ആര്‍ടിസി ഡിപ്പോയില്‍നിന്ന് ബസ് വാടകയ്‌ക്കെടുത്തത്. രാവിലെ 10-ന് ദുബായിയില്‍നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് ഇറങ്ങുംവരെ ഗഫൂര്‍ തനിക്ക് സ്വീകരണം ഒരുക്കിയത് അറിഞ്ഞിരുന്നില്ല.

ഗഫൂറിനെ നാട് ഇങ്ങനെ നെഞ്ചിലേറ്റാന്‍ കാരണം എല്ലാവരെയും സഹായിക്കുന്ന ആ വലിയ മനസ്സുതന്നെ. ജന്മനാടായ മരുതിന്‍ചിറയില്‍നിന്ന് ഗള്‍ഫിലെത്തിയവരില്‍ ഭൂരിപക്ഷവും ഗഫൂറിന്റെ സഹായത്തില്‍ എത്തിയവരാണ്. ജോലി ആവശ്യാര്‍ഥംതന്നെ സമീപിച്ചവരെയെല്ലാം ഒരു പ്രതിഫലവും വാങ്ങാതെ ഗള്‍ഫിലേക്ക് കൊണ്ടുപോയ ഗഫൂര്‍ക്കയെ അവര്‍ എങ്ങനെ മറക്കും.

‘എനിക്ക് ചങ്കുപറിച്ചുതന്ന നാട്ടുകാര്‍ക്ക് താങ്ക്സ്, വലിയ സന്തോഷം! സമൂഹത്തിന് ഗുണമുള്ള കാര്യങ്ങള്‍ചെയ്ത് ഇനിയും മുന്നോട്ടുപോകണം. അതിന് പടച്ചോന്റെ കൃപ ഉണ്ടാവട്ടെ’, ഇതായിരുന്നു നാട്ടുകാരുടെ സ്‌നേഹത്തിന് ഗഫൂറിന്റെ മറുപടി.

തയ്യില്‍ ഖാദര്‍ഹാജി-ബിരിയാമു ദമ്പതിമാരുടെ അഞ്ചുമക്കളില്‍ മൂത്തയാളാണ് ഗഫൂര്‍. സ്‌കൂള്‍ വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ഗഫൂര്‍ 13-ാംവയസ്സില്‍ പിതാവിനൊപ്പം ഗള്‍ഫില്‍ പോയതാണ്. ആദ്യം അജ്മാന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍. പിന്നീട് ഹോട്ടല്‍ജോലി. ഇപ്പോള്‍ പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ ജുമൈറ ഗ്രൂപ്പില്‍ പിആര്‍ മാനേജരായി 28 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതാണ് കുടുംബം.

മരുതിന്‍ചിറയിലെ സ്വീകരണയോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉമറലി കരേക്കാട് ഉദ്ഘാടനംചെയ്തു. വാര്‍ഡംഗം മുബഷീറ അമീര്‍ അധ്യക്ഷയായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe