ലൈസൻസ് വേണോ, ഗ്രൗണ്ട് വാടക കൊടുക്കണം; ഇത് ഡ്രൈവിങ് സ്കൂള്‍ പിടിച്ചുപറി

news image
Aug 14, 2025, 12:18 pm GMT+0000 payyolionline.in

പെരുമ്പാവൂര്‍: ഡ്രൈവിങ് ടെസ്റ്റിന് വരുന്നവരില്‍നിന്ന് ഗ്രൗണ്ട് വാടകയെന്ന പേരില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ അധികത്തുക ഈടാക്കുന്നുവെന്ന് പരാതി. പെരുമ്പാവൂരില്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ടെസ്റ്റ് ഗ്രൗണ്ട് ഇല്ലാത്ത സാഹചര്യം മുതലെടുത്താണ് സ്‌കൂളുകളുടെ ‘പിടിച്ചുപറി’. പട്ടാലില്‍ ജോയിന്റ് ആര്‍ടിഒ ഓഫീസിന് എതിര്‍വശം 50 സെന്റ് സ്ഥലം വാടകയ്‌ക്കെടുത്ത് ഡ്രൈവിങ് സ്‌കൂളുകളുടെ സംഘടനയാണ് ടെസ്റ്റിന് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്.

ടെസ്റ്റിന് എത്തുന്നവരില്‍നിന്ന് 500 രൂപവീതം ഗ്രൗണ്ട് വാടക എന്ന പേരില്‍ വാങ്ങുന്നുവെന്നാണ് ആരോപണം. ഇക്കാര്യത്തില്‍ പരാതിപ്പെടുന്നവരോട് സ്‌കൂള്‍ നടത്തിപ്പുകാര്‍ മോശമായി പെരുമാറുന്നുവെന്നും ആക്ഷേപമുണ്ട്. പഠിപ്പിക്കുന്നതിനും ആര്‍ടി ഓഫീസില്‍ അടയ്‌ക്കേണ്ട ഫീസിനും ആശാനുള്ള ദക്ഷിണയ്ക്കും പുറമേയാണ് ഗ്രൗണ്ട് വാടക ചോദിച്ചുവാങ്ങുന്നത്.

സ്വകാര്യ ഗ്രൗണ്ടിന്റെ വാടക മാസം 25,000 രൂപയാണ്. ആഴ്ചയില്‍ അഞ്ചുദിവസമാണ് ഇരുചക്ര, മുച്ചക്ര, നാലുചക്ര വാഹനങ്ങളിലെ ഡ്രൈവിങ് ടെസ്റ്റ്. ഒരു ബാച്ചില്‍ 40 പേരുണ്ടാകും. രണ്ട് ബാച്ചുകള്‍ അനുവദിക്കുന്ന ദിവസങ്ങളുമുണ്ട്. കൂടാതെ, പ്രത്യേക അനുമതിയോടെ ടെസ്റ്റിനെത്തുന്നവരും ഉണ്ട്.

ദിവസവും ഗ്രൗണ്ട് വാടകയിനത്തില്‍ ചുരുങ്ങിയത് 15,000-20,000 രൂപ ലഭിക്കും. ടെസ്റ്റ് ഗ്രൗണ്ടിന് സമീപം ശൗചാലയ സൗകര്യമോ, ശുദ്ധജലമോ ലഭ്യമല്ല. ടെസ്റ്റ് നടത്തുമ്പോള്‍ ഓരോ സ്‌കൂളിന്റെയും ഒരു ഇന്‍സ്ട്രക്ടര്‍ക്കാണ് പ്രവേശനാനുമതി നല്‍കിയിരിക്കുന്നതെങ്കിലും കൂടുതല്‍ പേര്‍ പ്രവേശിക്കുന്നു. ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് വാടകയെന്ന രീതിയില്‍ അധികത്തുക ഈടാക്കുന്നുവെന്ന പരാതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളോട് വിശദീകരണം തേടിയെന്ന് ജോയിന്റ് ആര്‍ടിഒ എസ്. പ്രദീപ് പറഞ്ഞു.

അധികത്തുക വാടകയായി വാങ്ങരുതെന്നും ടെസ്റ്റിന് എത്തുന്നവരോട് മാന്യമായി പെരുമാറണമെന്നും നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മലമുറിയില്‍ ആര്‍ടി ഓഫീസും ടെസ്റ്റ് ഗ്രൗണ്ടും നിര്‍മിക്കാന്‍ 60 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമികണ്ടെത്തിയിട്ടുണ്ടെങ്കിലും നടപടിയൊന്നും ആയിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe