ധർമസ്ഥലയിൽ കൊലപ്പെടുത്തി കുഴിച്ചു മൂടിയതിൽ മലയാളി പെൺകുട്ടിയുമുണ്ടെന്ന് വെളിപ്പെടുത്തൽ. ധർമസ്ഥലയിലെ സാക്ഷിയുടേതാണ് വെളിപ്പെടുത്തൽ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സാക്ഷി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കുഴിച്ചു മൂടിയ സ്ഥലത്തിപ്പോൾ പാറകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി ഉണ്ടായ മണ്ണിടിച്ചിലും ശക്തമായ മഴയും വെള്ളപ്പൊക്കവും കാരണം ഭൂപ്രകൃതിയിൽ വലിയ മാറ്റമുണ്ടായിട്ടുണ്ട്. നാലടി ഉയരത്തിൽ കല്ലും മണ്ണുമിട്ട് സ്ഥലം നികത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ മൃതദേഹങ്ങൾ കുഴിച്ചിടുന്നത് കണ്ടവരുണ്ടെന്നും സാക്ഷി കൂട്ടിച്ചേർത്തു. ധർമസ്ഥലയിൽ മനുഷ്യശരീരം കുഴിച്ചിടുന്നത് നായയുടെ ശരീരം കുഴിച്ചിടുന്നതിന് സമാനമായെന്നാണ് അഭിമുഖത്തിൽ സാക്ഷി പറഞ്ഞത്. കുഴിയെടുക്കാൻ കഴിയുന്ന സ്ഥലങ്ങളിലെല്ലാം മൃതദേഹങ്ങൾ മറവ് ചെയ്യുമായിരുന്നെന്നും അദ്ദേഹം പറയുന്നു. എന്നെ വിമർശിക്കുന്നവർ ക്ഷമയോടെ കാത്തിരിക്കണമെന്ന് പറഞ്ഞ അദ്ദേഹം അസ്ഥിഭാഗങ്ങൾ ലഭിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മാധ്യമപ്രവർത്തകയോട് വ്യക്തമാക്കി. വെറുതേ വന്ന് ഇങ്ങനെയൊരു കാര്യം പറയേണ്ടതുണ്ടോ? എന്ന് ചോദിച്ച അദ്ദേഹം താൻ തെറ്റ് ചെയ്തിട്ടുണ്ട് എന്ന് കൂടിയാണ് വെളിപ്പെടുത്തുന്നതെന്നും പറഞ്ഞു.