വടകര : ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു. വാരിക്കുഴികളിൽ വീണ് നിരവധി വാഹനങ്ങളാണ് ദിനംപ്രതി കട്ടപ്പുറത്താവുന്നത്. യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസിന്റെ ആക്സിൽ ഒടിഞ്ഞ് നടുറോഡിൽ കുടുങ്ങിയത് യാത്രക്കാരെ പെരുവഴിയിലാക്കി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സ്വകാര്യ ബസ് കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞത്. പൊലീസും ചുമട്ടുതൊഴിലാളികളും െക്രയിൻ ഉപയോഗിച്ചാണ് റോഡിൽനിന്ന് ബസ് മാറ്റിയത്. ബസ് ദേശീയപാതയിൽ കുടുങ്ങിയതോടെ ഏറെ നേരം ഗതാഗതം സ്തംഭിച്ചു.
ശനിയാഴ്ച രാവിലെ സ്കൂൾ ബസ് കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞു. അടക്കാതെരുവിലെ വൻ കുഴിയിലാണ് വാഹനം വീണ് ആക്സിൽ ഒടിഞ്ഞത്. വെള്ളം നിറഞ്ഞ കുഴിയുടെ ആഴം മനസ്സിലാവാത്തതിനാൽ വേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ പതിക്കുകയാണ് ചെയ്യുന്നത്. വാഹനങ്ങൾക്ക് അറ്റകുറ്റപണിയിൽ കനത്ത നഷ്ടമാണുണ്ടാവുന്നത്. വടകര ദേശീയ പാതയിൽ ആക്സിൽ ഒടിഞ്ഞ സ്വകാര്യ ബസ് റോഡിൽ നിന്നും മാറ്റുന്നു.