കോഴിക്കോട്: ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം അറിയിച്ചു.
വെള്ളത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക് എൻകെഫലൈറ്റിസ്) ഉണ്ടാകുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗമുണ്ടാവുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണപടത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുന്നത്.
ഈ രോഗത്തിന് മരണനിരക്ക് വരെ കൂടുതലാണ്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് രോഗം പകരില്ല. രോഗാണുബാധ ഉണ്ടായാൽ 5-10 ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. കടുത്ത തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനും വെളിച്ചത്തിലേക്ക് നോക്കാനും ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
കുഞ്ഞുങ്ങളിൽ ഇതിന് പുറമെ ഭക്ഷണം കഴിക്കാനും കളിക്കാനുമുള്ള മടി, അനങ്ങാതെ കിടക്കുക എന്നിവയും കാണാം. ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിവ രോഗം ഗുരുതരമാവുന്നതിന്റെ സൂചനകളാണ്. പനിയുമായി ഡോക്ടറെ കാണുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ നീന്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ, ആ വിവരം ഡോക്ടറെ അറിയിക്കണം.
നിർദേശങ്ങൾ
- കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുക.
- നീന്തുന്നവർ മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
- വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിങ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്യുന്നുവെന്ന് ഉറപ്പാക്കുക.
- മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും ഒഴിവാക്കുക.
- മൂക്കിലോ ചെവിയിലോ ഓപറേഷൻ കഴിഞ്ഞവരും ചെവി പഴുപ്പുള്ളവരും എവിടെയും മുങ്ങിക്കുളിക്കരുത്.
- കിണർ വെള്ളം ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.
- നീന്തൽ കുളങ്ങളിലെ വെള്ളം ആഴ്ചയിൽ ഒരിക്കൽ പൂർണമായും ഒഴുക്കിക്കളയുക.
- സ്വിമ്മിങ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക.
- ഫിൽറ്ററുകൾ വൃത്തിയാക്കിയ ശേഷം വെള്ളം നിറച്ച് ക്ലോറിനേറ്റ് ചെയ്യുക.
- കിണറും നീന്തൽക്കുളവും ക്ലോറിനേറ്റ് ചെയ്യാനുള്ള നിർദേശങ്ങൾ ആരോഗ്യ പ്രവർത്തകർ നൽകും.