എന്താണ് പ്രശ്‌നം?
വെബ് പേജുകളോ വീഡിയോകളോ തുറക്കാൻ സാധിക്കാതെ അവ ലോഡ് ആയിക്കൊണ്ടിരിക്കുക നാം നേരിടുന്ന പ്രശ്‌നമാണ്. ചിലപ്പോൾ വൈ-ഫൈ ആവർത്തിച്ച് വിച്ഛേദിക്കപ്പെടും. ഇത് കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു. ഇതുമൂലം ചിലപ്പോൾ പ്രധാനപ്പെട്ട പല ജോലികളും തടസപ്പെടാം. ‘വർക്ക് ഫ്രം ഹോം’ മോഡിൽ വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ ഇക്കാരണത്താൽ കൂടുതൽ പ്രശ്‌നങ്ങൾ നേരിടുന്നു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിക്കാം.
1. ഗ്ലാസ്, ലോഹം എന്നിവയ്ക്ക് സമീപം വൈ-ഫൈ റൂട്ടര്‍ സൂക്ഷിക്കരുത്
നിങ്ങളുടെ വൈ-ഫൈ റൂട്ടർ ഒരു വലിയ കണ്ണാടിക്ക് സമീപമാണ് വച്ചിരിക്കുന്നതെങ്കിൽ ഉടൻ അവിടെ നിന്നും മാറ്റുക. കാരണം, സിഗ്നലുകൾ പ്രതിഫലിച്ച് എതിർ ദിശയിലേക്ക് പോകാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ നെറ്റ്‌വർക്കിന്റെ വ്യാപ്‍തി കുറയ്ക്കുന്നു. ഇതുകൂടാതെ, ലോഹ വസ്‍തുക്കളെ വൈ-ഫൈയിൽ നിന്ന് അകറ്റി നിർത്തുക, കാരണം ഇവയും സിഗ്നലിനെ ദുർബലപ്പെടുത്തുന്നു. ലോഹം വൈദ്യുതിയുടെ നല്ലൊരു ചാലകമായി കണക്കാക്കപ്പെടുന്നു, പക്ഷേ അത് റേഡിയോ തരംഗങ്ങളെ തടയുന്നു. നിങ്ങളുടെ വൈ-ഫൈ റൂട്ടറിന് സമീപം ലോഹ വസ്തുക്കൾ ഉണ്ടെങ്കിൽ, സിഗ്നൽ കടന്നുപോകുന്നതിൽ പ്രശ്‌നമുണ്ടാകാം. ഗ്ലാസോ ലോഹമോ ഇല്ലാത്ത സ്ഥലത്ത് വൈ-ഫൈ റൂട്ടർ സൂക്ഷിക്കുക.
2. റൂട്ടറിന് സമീപം ബ്ലൂടൂത്ത് ഉപകരണങ്ങൾ വയ്ക്കരുത്
കമ്പ്യൂട്ടർ, ബ്ലൂടൂത്ത് സ്‌പീക്കർ, കീബോർഡ്, മൗസ് അല്ലെങ്കിൽ മറ്റ് ഉപകരണങ്ങൾ റൂട്ടറിന് സമീപം സൂക്ഷിക്കുന്ന നിരവധി ആളുകളുണ്ട്. എന്നാൽ വൈ-ഫൈയും ബ്ലൂടൂത്ത് ഉപകരണങ്ങളും ഒരേ ഫ്രീക്വൻസിയിലാണ് (2.4 GHz) പ്രവർത്തിക്കുന്നത്. ഈ ഉപകരണങ്ങൾ റൂട്ടറിന് വളരെ അടുത്താണെങ്കിൽ, അവ വൈ-ഫൈ സിഗ്നലിനെ തടസപ്പെടുത്തിയേക്കാം. അതിനാൽ നിങ്ങളുടെ റൂട്ടറിന് സമീപം ബ്ലൂടൂത്ത് ഉപകരണങ്ങൾ ഒരിക്കലും സൂക്ഷിക്കാതിരിക്കുക.
3. അലമാരയിൽ വൈ-ഫൈ സൂക്ഷിക്കരുത്
വലിയ തടി ഫർണിച്ചറുകളും നിങ്ങളുടെ വൈ-ഫൈ നെറ്റ്‌വർക്കിന് തടസമാകാം. നിങ്ങളുടെ റൂട്ടർ മരത്തിന്‍റെ റാക്കിലോ അലമാരയോ പോലുള്ള അടച്ച സ്ഥലത്താണ് സൂക്ഷിച്ചിരിക്കുന്നതെങ്കിൽ, സിഗ്നൽ ദുർബലമായേക്കാം. റൂട്ടർ തുറന്ന സ്ഥലത്ത് വയ്ക്കുകയും അതിന്‍റെ ആന്‍റിന ശരിയായ ദിശയിലേക്ക് തിരിക്കുകയും ചെയ്യുക. ഇത് കണക്റ്റിവിറ്റി മെച്ചപ്പെടുത്തും.
4. മൈക്രോവേവുകളിൽ നിന്ന് വൈഫൈ അകറ്റിനിർത്തുക
മൈക്രോവേവ് ഓവനുകൾ വൈ-ഫൈ സിഗ്നലുകളെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് 2.4 GHz ഫ്രീക്വൻസിയിൽ പ്രവർത്തിക്കുകയും ചെറിയ അളവിൽ വികിരണം പുറത്തുവിടുകയും ചെയ്യുന്നു, ഇത് സിഗ്നലിനെ ദുർബലപ്പെടുത്തുന്നു. നിങ്ങളുടെ റൂട്ടർ അടുക്കളയിലെ മൈക്രോവേവിന് സമീപം സ്ഥാപിച്ചിട്ടുണ്ടെങ്കിൽ, അത് മറ്റൊരു സ്ഥലത്തേക്ക് മാറ്റുക. ഇങ്ങനെ ചെയ്യുന്നത് സിഗ്നൽ മെച്ചപ്പെടുത്തും. അടുക്കളയിൽ നിന്നും മാറി വീടിന്‍റെ മധ്യഭാഗത്തുള്ള സ്ഥലത്ത് വൈ-ഫൈ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിക്കുക. ഇവ ചെയ്‌തിട്ടും വൈ-ഫൈ വേഗം കൂടുന്നില്ലെങ്കില്‍ സര്‍വീസ് പ്രൊവൈഡര്‍മാരെ ബന്ധപ്പെടുക.